19/04/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല’; നിതിന്റെ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മാതാപിതാക്കള്‍

 ‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല’; നിതിന്റെ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മാതാപിതാക്കള്‍

നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ മാതാപിതാക്കൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു.

കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് സ്വന്തമായി വീട് നിർമിച്ചു നൽകണമെന്നുമാണ് നിതിൻ ആഗ്രഹിച്ചിരുന്നത്. ജീവിക്കാൻ കൊതിച്ച തന്റെ മകനെ അധ്യാപകർ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും അവൻ ഒരിക്കലും കെട്ടിടത്തിൽ നിന്ന് ചാടി മരിക്കില്ലെന്നും രാജൻ ആരോപിക്കുന്നു.

അധ്യാപകർ മനഃപൂർവം മാർക്ക് കുറച്ച് തോൽപിക്കാൻ ശ്രമിച്ചപ്പോഴും എങ്ങനെയെങ്കിലും ജയിക്കണമെന്ന വാശിയിലായിരുന്നു അവൻ. വീട്ടിൽ വരുമ്പോൾ പോലും വിശ്രമിക്കാതെ മണിക്കൂറുകളോളം പഠനത്തിൽ മുഴുകുമായിരുന്നുവെന്ന് അമ്മ ലത പറയുന്നു. അധ്യാപകർ തന്നെ വില്ലന്മാരായി ജാതി പറഞ്ഞും ദാരിദ്ര്യം പറഞ്ഞും നിതിനെ നിരന്തരം കളിയാക്കിയിരുന്നു. “ഞാൻ നിന്നെ ശരിപ്പെടുത്തും, നിന്റെ കയ്യും കാലും വെട്ടും” എന്നുവരെ അധ്യാപകർ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു.

റാഗിങ്ങും പീഡനങ്ങളും ഇല്ലാത്ത ക്യാമ്പസാണെന്ന് ഉറപ്പുനൽകിയാണ് മകനെ കോളജിൽ ചേർത്തതെന്നും എന്നാൽ അവിടെ അധ്യാപകർ തന്നെ വില്ലന്മാരായി മാറുകയായിരുന്നുവെന്നും നിതിന്റെ പിതാവ് രാജൻ ആരോപിക്കുന്നു. പഠിപ്പിക്കുന്ന കുട്ടിയുടെ കൈയും കാലും വെട്ടുമെന്നും ജീവനെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നവർ എങ്ങനെയാണ് അധ്യാപകരാകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജാതിയും ദാരിദ്ര്യവും പറഞ്ഞ് അവർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലോൺ ആപ്പിലൂടെ എടുത്ത തുക കൃത്യമായി തിരിച്ചടച്ചിരുന്നതാണ്. അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ തങ്ങളെ അറിയിക്കാമായിരുന്നുവെന്നും എന്നും പിതാവ് ചോദിക്കുന്നു.

Also read: