03/06/2026
[fontresizer_tawhidurrahmandear_widget]

‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകർക്കെതിരെ കുടുംബം

 ‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകർക്കെതിരെ കുടുംബം

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി.

പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി കുടുംബം പറയുന്നു. മകനെ തോൽപ്പിക്കുമെന്ന് ക്ലാസ് ടീച്ചർ ഭീഷണിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു. ‘നീ എന്ത് എഴുതിയിട്ടും കാര്യമില്ല, നിന്നെ ഞങ്ങൾ തോൽപ്പിക്കും. മറ്റൊരു സ്‌കൂളിലും ചേരാൻ കഴിയാത്ത വിധം റെഡ് മാർക്ക് ചെയ്യും’ എന്ന് അധ്യാപിക പറഞ്ഞതായി പിതാവ് വ്യക്തമാക്കി.

എന്നാൽ ഈ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചു. പരീക്ഷാഫലം വന്ന ശേഷം ടിസി നൽകാമെന്നാണ് അറിയിച്ചിരുന്നതെന്നും അവധിക്കാലമായതിനാൽ കുട്ടി പിന്നീട് സ്‌കൂളുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും അവർ വിശദീകരിച്ചു. വിദ്യാർഥിയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും മരണവിവരമറിഞ്ഞ് അധ്യാപകർ വീട്ടിലെത്തിയിരുന്നുവെന്നും സ്‌കൂൾ മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

Also read: