01/08/2026
[fontresizer_tawhidurrahmandear_widget]

ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി പള്ളി സെക്രട്ടറി

 ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി പള്ളി സെക്രട്ടറി

തിരൂർ: ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തനും പള്ളി സെക്രട്ടറിയുമായ വി.പി.ഒ അസ്‌കർ. കേരളാധ്വീരരപുരം മൂലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 6 ലക്ഷം രൂപം വിലവരുന്ന മൂന്ന് സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്.

ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും നാഗത്തറ നിർമിക്കുന്നതിനുമാണ് ഭൂമി വിട്ടുനൽകിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്ഥലം കണ്ടെത്താനാകാതെ വലിയ പ്രതിസന്ധിയിലായിരുന്നു. ഈ നിർമാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ക്ഷേത്രത്തിന് തൊട്ടടുത്തുള്ള അസ്‌കറിന്റെ ഭൂമിയായിരുന്നു.

എന്നാൽ ഈ ആവശ്യം ഉന്നയിച്ചാൽ അസ്‌കർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയോടെയാണ് ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തെ സമീപിച്ചത്. പക്ഷെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒന്നു ചിന്തിക്കാൻ പോലും സമയം ചോദിക്കാതെ ഭൂമി ക്ഷേത്ര വികസനത്തിനായി വിട്ടുനൽകാൻ അദ്ദേഹം ഉടനടി സമ്മതിക്കുകയായിരുന്നു. തുടർന്ന് പള്ളി ഇമാമിന്റെ സാന്നിധ്യത്തിൽ വെച്ചാണ് അസ്‌കർ ഭൂമിയുടെ പ്രമാണങ്ങൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയത്..

തന്റെ ഈ തീരുമാനം തികച്ചും സ്വാഭാവികമാണെന്നും വ്യത്യസ്ത വിശ്വാസങ്ങളിൽപെട്ട ആളുകൾ തലമുറകളായി സമാധാനത്തോടെ ജീവിക്കുന്ന മലപ്പുറത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും അസ്‌കർ പറഞ്ഞു. ജില്ലയിൽ ഇത്തരം സൽപ്രവർത്തികൾ പുതിയ കാര്യമല്ലെന്നും മുൻപും ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ചർച്ചുകൾക്കും വേണ്ടി ആളുകൾ പരസ്പരം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നാലുവർഷം മുൻപ് പ്രദേശത്ത് അങ്കണവാടിക്കെട്ടിടം നിർമിക്കാനും അദ്ദേഹം മൂന്ന് സെന്റ് ഭൂമി നൽകിയിട്ടുണ്ട്. പിതാവായ അബൂബക്കറിന്റെ പേരിലുള്ള 160 മീറ്റർ റോഡ് നിർമ്മിക്കാൻ ഇദ്ദേഹം മൂന്ന് സെന്റ് ഭൂമിയും കുടുംബം ഒൻപത് സെന്റ് ഭൂമിയും വിട്ട് നൽകിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ.) ഈ മാതൃകാപരമായ പ്രവൃത്തിയുടെ പേരിൽ അസ്‌കറിനെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

Also read: