റോഡ് പരിശോധനയ്ക്കിടെ തർക്കം; ദൃശ്യങ്ങൾ പകർത്തിയ യുവാവിന്റെ കരണത്തടിച്ച് ഡൽഹി മന്ത്രി; വൻ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ റോഡ് പരിശോധനയ്ക്കിടെ പൊതുമരാമത്ത് വകുപ്പ് (PWD) മന്ത്രി പർവേഷ് വർമ്മ യുവാവിനെ പരസ്യമായി തല്ലിയതായി പരാതി. റോഡ് നിർമാണത്തിലെ ഗുണനിലവാരത്തെക്കുറിച്ച് എ.എ.പി എം.എ.എൽ.എ ജർണയിൽ സിങ്ങുമായി മന്ത്രി വാഗ്വാദത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീഡിയോ ചിത്രീകരിച്ചതിന്റെ പേരിൽ എം.എ.എൽ.എയുടെ സഹായിയായ സാഹിബ് സിങ്ങിനാണ് മർദ്ദനമേറ്റത്.
മന്ത്രിയെ പിന്തുടർന്ന് വീഡിയോ എടുത്തുകൊണ്ടിരുന്ന സാഹിബ് സിങ്ങിന്റെ ഫോൺ മന്ത്രി പർവേഷ് വർമ്മ തന്റെ ഇടതുകൈകൊണ്ട് താഴേക്ക് തട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വലതുകൈകൊണ്ട് യുവാവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും തങ്ങളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മർദ്ദനമേറ്റ സാഹിബ് സിങ് ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുകയും ഇരുവിഭാഗവും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെ മന്ത്രി തന്റെ ഭാഗം വ്യക്തമാക്കി. ഇന്നത്തെ സംഭവത്തിന് പിന്നിലെ പൂർണ്ണമായ സത്യം കേൾക്കൂ, എങ്കിലും സംഭവിച്ചത് പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം കുറിച്ചു. എം.എ.എൽ.എ ജർണയിൽ സിങ്ങും അദ്ദേഹത്തിന്റെ പ്രവർത്തകരും സ്ഥലത്തെത്തി മോശമായി പെരുമാറിയെന്നും, ഒപ്പമുണ്ടായിരുന്ന പ്രവർത്തകൻ തന്റെ കുടുംബത്തെ അസഭ്യം പറഞ്ഞതായും മന്ത്രി ആരോപിച്ചു. ആ ഒരു നിമിഷത്തെ കടുത്ത ദേഷ്യത്തിലാണ് താൻ അങ്ങനെ പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.