‘യുവാക്കളെ അത്രയ്ക്ക് ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചുപൂട്ടൂ’; ട്രെയിനുകളും മെട്രോയും റദ്ദാക്കിയതിൽ കേന്ദ്രത്തിനെതിരെ അഭിജിത് ദീപ്കെ
അഭിജീത് ദീപ്കെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർപട്ടിക പുതുക്കലിലെ അപാകതകൾക്കെതിരെ ശനിയാഴ്ച ജന്തർമന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തിന് തടയിടാൻ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. യുവാക്കളെ ഭരണകൂടത്തിന് ഇത്രയധികം ഭയമാണെങ്കിൽ കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ അടച്ചിടാൻ തയ്യാറാകണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഒക്ടോബർ 10 ശനിയാഴ്ച ജന്തർമന്തറിലേക്ക് സി.ജെ.പി മാർച്ചും പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, തലസ്ഥാനത്തേക്ക് പ്രക്ഷോഭകർ എത്തുന്നത് തടയാനായി ഒക്ടോബർ 10-ന് പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള സമയത്തിനിടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ ബോർഡ് റദ്ദാക്കുകയായിരുന്നു. ഈ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെയും പരിസരങ്ങളിലെ ഗതാഗത തടസ്സം ഒഴിവാക്കാനെന്ന പേരിലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ നൽകുന്ന ഔദ്യോഗിക വിവരണം.
ഇതിനുപുറമെ, പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി എത്തുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും നീക്കങ്ങൾ തടയുന്നതിനായി തലസ്ഥാനത്തെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടണമെന്ന് ഡൽഹി പോലീസ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് (ഡി.എം.ആർ.സി) ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജന്തർമന്തറിൽ നടത്തുന്ന സമരത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുമുണ്ട്.
എന്നാൽ, പ്രതിഷേധ പരിപാടികൾ നടത്താനായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള ഇടമാണ് ജന്തർമന്തറെന്നും അവിടെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി:
“രാജ്യത്തെ യുവാക്കളുടെ ശബ്ദത്തെ ഭരണകൂടം ഭയപ്പെടുകയാണ്. ട്രെയിനുകളും മെട്രോയും റദ്ദാക്കി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്ക് ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ല. ഇത്രയേറെ ഭയമാണെങ്കിൽ കേന്ദ്രം രാജ്യം മുഴുവൻ അടച്ചുപൂട്ടട്ടെ.”
പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ സഖ്യത്തിന് പിന്നാലെ സി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ചതോടെ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.