28/09/2026
[fontresizer_tawhidurrahmandear_widget]

ഹോട്ടലിൽ പാത്രം കഴുകുന്ന ‘ഭായി’ പൊറോട്ടയടിക്കാൻ പഠിച്ചു; മലബാർ പൊറോട്ട വിറ്റ് ഇപ്പോൾ മാസവരുമാനം 50 ലക്ഷം രൂപ; അസമുകാരന്റെ തലവര മാറ്റിയ കഥ

 ഹോട്ടലിൽ പാത്രം കഴുകുന്ന ‘ഭായി’ പൊറോട്ടയടിക്കാൻ പഠിച്ചു; മലബാർ പൊറോട്ട വിറ്റ് ഇപ്പോൾ മാസവരുമാനം 50 ലക്ഷം രൂപ; അസമുകാരന്റെ തലവര മാറ്റിയ കഥ

​ഗുവാഹത്തി: മലയാളികൾക്ക് പൊറോട്ട ഒരു വികാരമാണെങ്കിലും ഇന്ന് പൊറോട്ട ഉണ്ടാക്കുന്നതിലും അത് ബിസിനസ്സ് ആക്കുന്നതിലും മലയാളികളെ കടത്തിവെട്ടിയിരിക്കുകയാണ് അസം സ്വദേശിയായ ദിഗന്ത ദാസ്. സെക്യൂരിറ്റി ജീവനക്കാരനായും ഹോട്ടലുകളിൽ പാത്രം കഴുകിയും ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം ഇന്ന് സ്വന്തമായി പൊറോട്ടയുണ്ടാക്കി വിറ്റ് മാസം 50 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്.

അസമിലെ ബിശ്വനാഥ് ജില്ലയിലെ ദക്ഷിൺ ബോർഘുലി ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് ദിഗന്ത ദാസ് ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം 2001-ൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ തേടി അദ്ദേഹം യാത്ര തിരിച്ചു. അരുണാചൽ പ്രദേശിൽ ദിവസവേതനക്കാരനായും മേഘാലയയിലെ കൽക്കരി ഖനികളിലും ജോലി ചെയ്ത ശേഷം, 2011-ൽ കൂടുതൽ മികച്ച അവസരങ്ങൾ തേടി അദ്ദേഹം ബെംഗളൂരുവിലെത്തി. അവിടെ ഹോട്ടലുകളിൽ സെക്യൂരിറ്റി ഗാർഡായും റൂം സർവീസ് ബോയിയായും ജോലി ചെയ്തു.

പിന്നീട് പ്രമുഖ ഫുഡ് ബ്രാൻഡായ ‘ഐഡി ഫ്രഷ് ഫുഡിൽ’ സാധനങ്ങൾ ഇറക്കാനും പാത്രങ്ങൾ കഴുകാനും അദ്ദേഹം ജോലിക്ക് കയറി. അവിടെ വെച്ചാണ് ദിഗന്ത ദാസിന്റെ ജീവിതം മാറിമറിയുന്നത്. മറ്റു ജീവനക്കാർ അവധിയിൽ പോകുമ്പോൾ ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി അദ്ദേഹം പാക്കേജിംഗും മാവ് മിക്സ് ചെയ്യലും പഠിച്ചു. പിന്നീട് പല ലെയറുകളുള്ള പൊറോട്ട ഉണ്ടാക്കാൻ പഠിച്ച ദിഗന്ത, ആ ജോലിയിൽ പ്രാവീണ്യം നേടി. എന്നാൽ 2017-ൽ അസമിൽ വെച്ചുണ്ടായ ഒരു വലിയ വൈദ്യുതാഘാതത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം വീണ്ടും ബെംഗളൂരുവിലെത്തി ഭക്ഷ്യമേഖലയിൽ ജോലി തുടർന്നു. ദക്ഷിണേന്ത്യയിൽ വളരെ പ്രശസ്തമായ മലബാർ പൊറോട്ട അസമിൽ അധികം ലഭ്യമല്ലെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലാണ് വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയത്.

തന്റെ സമ്പാദ്യമായ 7 ലക്ഷം രൂപ നിക്ഷേപിച്ച് അസമിലെ ഗൊഹ്പൂരിൽ ‘ഡെയ്ലി ഫ്രഷ് ഫുഡ്’ എന്ന പേരിൽ പാകം ചെയ്യാൻ തയ്യാറായ പൊറോട്ട ബ്രാൻഡ് അദ്ദേഹം ആരംഭിച്ചു. ദിഗന്തയുടെ രുചികരമായ പൊറോട്ടകൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അസം ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്സ് ഇന്ന് അപ്പർ അസം മുഴുവൻ വ്യാപിക്കുകയും പ്രതിമാസം 50 ലക്ഷം രൂപ വിറ്റുവരവ് നേടുകയും ചെയ്യുന്നു. നിരവധി പ്രദേശവാസികൾക്ക് തൊഴിൽ നൽകുന്ന അദ്ദേഹത്തിന്റെ സ്ഥാപനം പുതിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലിറക്കി ബിസിനസ്സ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Also read: