നിതിൻ രാജിന്റെ മരണം: ഡോ. റാം സംസ്ഥാനം വിട്ടതായി സൂചന; ലുക്കൗട്ട് സർക്കുലർ ഇന്ന് പുറത്തിറക്കിയേക്കും
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ലുക്കൗട്ട് സർക്കുലർ ഇന്ന് പുറത്തിറക്കിയേക്കും. ഡോ. റാമിനും ഡോ. സംഗീതയ്ക്കുമൊപ്പം മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
നിതിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. സഹപാഠികളിൽ നിന്നും മറ്റും നിർണ്ണായകമായ മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക സംഘം ഇന്ന് കോളേജിലെത്തി വിശദമായ അന്വേഷണം നടത്തും. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അനാട്ടമി വിഭാഗം അധ്യാപകനായ ഡോ. എം.കെ. റാമിനെ നേരത്തെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
മറ്റ് രണ്ട് അധ്യാപകർക്കെതിരെയും വിദ്യാർത്ഥികൾ മാനേജ്‌മെന്റിന് പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ഡി.എസ്, ബി.ഫാം, നഴ്‌സിംഗ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. വിദ്യാർത്ഥികൾ തങ്ങളുടെ വെളുത്ത കോട്ട് അഴിച്ചുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അതിനിടെ, കണ്ണൂർ എടക്കാടുള്ള ഡോ. റാമിന്റെ രണ്ടാമത്തെ ക്ലിനിക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടപ്പിച്ചു.