17/06/2026
[fontresizer_tawhidurrahmandear_widget]

ഗോരക്ഷകരുടെ പേരിൽ അതിക്രമവും പണം തട്ടലും; അതിർത്തി കടന്നുള്ള കന്നുകാലി വരവ് കുറഞ്ഞു, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു

 ഗോരക്ഷകരുടെ പേരിൽ അതിക്രമവും പണം തട്ടലും; അതിർത്തി കടന്നുള്ള കന്നുകാലി വരവ് കുറഞ്ഞു, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു

പാലക്കാട്: കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നതും പണം ആവശ്യപ്പെടുന്നതും പതിവായതോടെ അതിർത്തി കടന്നുള്ള കന്നുകാലി വരവ് വൻതോതിൽ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ബീഫ് വിലയും കുതിച്ചുയരുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യമന്ത്രി വി.ഡി. സതീശന് വ്യാപാരികൾ നിവേദനം നൽകി. നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് തുടങ്ങിയ പ്രധാന ചന്തകളിലേക്ക് ഒരുമാസം മുൻപുവരെ 50 ലോഡ് കന്നുകളാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ അത് 14 മുതൽ 20 ലോഡുകൾ മാത്രമായി ചുരുങ്ങി.

വിവിധ സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമത്തിന്റെ പേരിൽ സംഘടിതമായി എത്തുന്നവർ കന്നുകളുമായി വരുന്ന ലോറികൾ തടഞ്ഞ് അതിക്രമം നടത്തുന്നതും വൻ തുക ആവശ്യപ്പെടുന്നതുമാണ് ലോഡുകൾ നിലയ്ക്കാൻ കാരണമായത്. ഇതോടെ സംസ്ഥാനത്ത് ബീഫിന് കിലോയ്ക്ക് 450 മുതൽ 540 രൂപ വരെയായി വില വർധിച്ചു. ചിലയിടങ്ങളിൽ 380 മുതൽ 400 രൂപ വരെയാണ് നിലവിലെ വില. ഗോരക്ഷാപ്രവർത്തകർ എന്ന പേരിലെത്തുന്നവർ ചോദിക്കുന്ന പണം നൽകാൻ തയാറായില്ലെങ്കിൽ പൊലീസിൽ പരാതി നൽകി വാഹനം പിടിച്ചെടുപ്പിക്കുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ഇവർ ലോറിക്കാരിൽ നിന്ന് ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്ര, തെലങ്കാന, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നത്. കാള, പോത്ത്, എരുമ, മൂരി തുടങ്ങിയവയെ കൊണ്ടുവരുന്നതിനു നിയമപരമായി യാതൊരു തടസ്സവുമില്ല. കേരളത്തിൽ ഫാം നടത്തുന്നവർ ചെറുപ്രായത്തിലുള്ളവയെ കൊണ്ടുവന്ന് വളർത്തി വിൽക്കുന്ന രീതിയുമുണ്ട്. എന്നാൽ ഇങ്ങനെ ചെറിയ പ്രായത്തിലുള്ളവയെ കൊണ്ടുവരുമ്പോഴും ലോഡ് പിടിച്ചെടുക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

പിടിച്ചെടുത്ത ലോഡുകൾ തിരിച്ചുകിട്ടാതെ വ്യാപാരികൾ വലയുന്ന സാഹചര്യം വർധിച്ചതോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് ഏതാണ്ട് പൂർണമായും നിലച്ചത്. പൊലീസ് പിടിച്ചെടുക്കുന്ന ലോഡ് കോടതിവഴി തിരിച്ചുകിട്ടാൻ മൂന്നോ നാലോ ആഴ്ചയെടുക്കും. ഈ സമയത്തിനുള്ളിൽ തീറ്റയും വെള്ളവും കിട്ടാതെ കന്നുകൾ ക്ഷീണിക്കുകയും ചിലവ ചത്തുപോവുകയും ചെയ്യും. ഇതോടെ വലിയ സാമ്പത്തിക നഷ്ടം ഭയന്ന് പലരും കന്നുകാലികളെ എടുക്കാൻ പോകാതെ ഉപേക്ഷിക്കുകയാണ്. ഒരു ലോഡ് പിടിക്കപ്പെടുമ്പോൾ 14 മുതൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ലോഡുകൾ മാത്രമാണ് പ്രധാനമായും കേരളത്തിലെത്തുന്നത്.

Also read: