13/06/2026
[fontresizer_tawhidurrahmandear_widget]

ചേതനയറ്റ ഉമ്മയ്ക്കരികിൽ വാവിട്ട് കരഞ്ഞ് 3 വയസ്സുകാരൻ; കണ്ണീരണിഞ്ഞ് പാലച്ചിറമാട്, അഷിത ഇനി നോവോർമ

 ചേതനയറ്റ ഉമ്മയ്ക്കരികിൽ വാവിട്ട് കരഞ്ഞ് 3 വയസ്സുകാരൻ; കണ്ണീരണിഞ്ഞ് പാലച്ചിറമാട്, അഷിത ഇനി നോവോർമ

മലപ്പുറം: ഒരു നിമിഷത്തെ അശ്രദ്ധ കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. മലപ്പുറം കോട്ടക്കൽ എടരിക്കോട് പാലച്ചിറമാടിൽ ഉണ്ടായ റോഡപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രയ്ക്കിടെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പാലച്ചിറമാട് സ്വദേശിനി അഷിത (29) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പുതിയ ജോലി ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു അഷിത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ കൂടെ പഠിച്ച കൂട്ടുകാരോടെല്ലാം പതിവിലും കവിഞ്ഞ സ്‌നേഹത്തോടെയും ആഹ്ലാദത്തോടെയുമാണ് അഷിത സംസാരിച്ചിരുന്നത്. പുതിയ ജോലിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കാൻ അവൾ ഏറെ സമയം മാറ്റിവെച്ചിരുന്നു.

എന്നാൽ, ആ സന്തോഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തകർന്നടിഞ്ഞത്. സംഭവദിവസം സുഹൃത്ത് പ്രജിതയോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഷിത. പാലച്ചിറമാടിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് പ്രജിത നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അഷിതയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വ്യായാഴ്ച രാത്രിയും പകലും ഒരു നാട് മുഴുവൻ ഈ വേർപാടിൽ തേങ്ങുകയായിരുന്നു. പ്രിയപ്പെട്ടവളുടെ മയ്യിത്ത് വീട്ടിൽ എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെയെല്ലാം നെഞ്ച് പിളർക്കുന്ന കാഴ്ച്ചകൾക്കാണ് ആ വീട് സാക്ഷ്യം വഹിച്ചത്.

അമ്മയുടെ സ്‌നേഹം എന്തെന്നറിയും മുൻപേ മാതൃവാത്സല്യം നഷ്ടപ്പെട്ട അഷിതയുടെ മൂന്ന് വയസ്സുകാരനായ മകനെ മൃതദേഹം അവസാനമായി കാണിച്ച രംഗം അവിടെ തടിച്ചുകൂടിയവരെ മുഴുവൻ പൊട്ടിക്കരയിപ്പിച്ചു. ഉമ്മയുടെ അരികിൽ നിന്ന് ‘ഉമ്മാ…’ എന്ന് വിളിച്ച് കരഞ്ഞ ആ കുഞ്ഞ് അവിടെ നിന്നും മാറിപ്പോകാതെ നിന്നത് കണ്ടുനിന്നവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

രാവിലെ വീട്ടിൽ നിന്ന് നിറഞ്ഞ പുഞ്ചിരിയോടെ യാത്രതിരിച്ച പ്രിയപ്പെട്ടവൾ വൈകുന്നേരത്തോടെ വെറുമൊരു ഓർമ്മയായി മാറിയത് ഉൾക്കൊള്ളാൻ ആ കുടുംബത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു മകന് അമ്മയെയും, ഭർത്താവിന് പ്രിയപ്പെട്ട പങ്കാളിയെയും, മാതാപിതാക്കൾക്ക് തങ്ങളുടെ മകളെയും സഹോദരിയെയുമാണ് ഈ ഒരൊറ്റ അപകടം കൊണ്ട് നഷ്ടമായത്. അഷിതയുടെ അപ്രതീക്ഷിത വിയോഗത്തിൽ നാടൊന്നാകെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

Also read: