04/06/2026
[fontresizer_tawhidurrahmandear_widget]

27ൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക്; വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ പിന്തള്ളി പഞ്ചാബ്

 27ൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക്; വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ പിന്തള്ളി പഞ്ചാബ്

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി പഞ്ചാബ്. നീതി ആയോഗിന്റെ 2026ലെ എജ്യുക്കേഷൻ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016-17 കാലഘട്ടത്തിൽ ഇരുപത്തി രണ്ടാം സ്ഥാനത്തായിരുന്ന പഞ്ചാബ്, 2018-19ൽ ഇരുപത്തിയാറിലേക്കും 2020ഓടെ ഇരുപത്തിയേഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ അവിടെ നിന്നാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനത്തേക്ക് സംസ്ഥാനം ഉയർന്നുവന്നത്. 2022ൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പിലാക്കിയ ‘സിഖ്യാ ക്രാന്തി’ (വിദ്യാഭ്യാസ വിപ്ലവം) എന്ന പദ്ധതിയാണ് ഈ വലിയ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകർക്ക് മികച്ച പരിശീലനം, പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയിലായിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ പഠന നിലവാര കണക്കുകളിൽ കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ മികച്ച പ്രകടനമാണ് പഞ്ചാബ് കാഴ്ചവെച്ചത്. റിപ്പോർട്ട് പ്രകാരം മൂന്നാം ക്ലാസിലെ ഭാഷാ പ്രാവീണ്യത്തിൽ പഞ്ചാബ് 82 ശതമാനവും ഗണിതത്തിൽ 78 ശതമാനവും നേടിയപ്പോൾ കേരളത്തിന് യഥാക്രമം 75 ശതമാനവും 70 ശതമാനവും മാത്രമേ നേടാനായുള്ളൂ. ഒൻപതാം ക്ലാസിലെ ഗണിത പഠനത്തിൽ പഞ്ചാബ് 52 ശതമാനം മികവ് പുലർത്തിയപ്പോൾ കേരളത്തിന്റേത് 45 ശതമാനമായിരുന്നു. നീതി ആയോഗും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് വിദ്യാർത്ഥികളുടെ പഠന മികവ്, സ്‌കൂളുകളിലേക്കുള്ള പ്രവേശനം, അടിസ്ഥാന സൗകര്യങ്ങൾ, തുല്യത തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ച് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

മുഖ്യമന്ത്രി ഭഗവന്ത് മാൻ, വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ ക്ലാസ് മുറികൾ ആധുനികവൽക്കരിക്കുന്നതിലും വലിയ ശ്രദ്ധ നൽകി. ഫിൻലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് അധ്യാപകർക്ക് അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനം നൽകാനും പതിനായിരക്കണക്കിന് സ്‌കൂളുകളിൽ ലക്ഷക്കണക്കിന് രക്ഷിതാക്കളെ പങ്കെടിപ്പിച്ചുകൊണ്ട് വലിയ പി.ടി.എ മീറ്റിംഗുകൾ സംഘടിപ്പിക്കാനും സർക്കാരിന് സാധിച്ചു. നിലവിൽ പഞ്ചാബിലെ സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. സാക്ഷരതയിലും സ്‌കൂൾ വിദ്യാഭ്യാസത്തിലും എന്നും മാതൃകയായിരുന്ന കേരളത്തിന്റെ നിലവാരത്തിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് പഞ്ചാബ് പൊതുവിദ്യാഭ്യാസ രംഗത്തെ ഉയർത്തിയത് വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Also read: