21/07/2026
[fontresizer_tawhidurrahmandear_widget]

‘മെസിയുടെ വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു, അയാൾ വഞ്ചകനായ നേതാവ്’; രൂക്ഷവിമർശനവുമായി പിയേഴ്സ് മോർഗൻ

 ‘മെസിയുടെ വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു, അയാൾ വഞ്ചകനായ നേതാവ്’; രൂക്ഷവിമർശനവുമായി പിയേഴ്സ് മോർഗൻ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിനിടെ സ്പാനിഷ് ഡിഫൻഡർ മാർക്ക് കുക്കുറേയയെ റഫറിയെക്കൊണ്ട് പുറത്താക്കാൻ ശ്രമിച്ചെന്നാരോപിച്ച് ലയണൽ മെസിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗൻ. ഇതിഹാസതാരമായ മെസിയെ ‘ഒരു കൂട്ടം ഗുണ്ടകളുടെ കൗശലക്കാരനും വഞ്ചകനുമായ നേതാവ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിൽ അർജന്റീന പതറുന്നതിനിടെയായിരുന്നു വിവാദ സംഭവം. പാവ് കുബാർസിയെ അപകടകരമായി വീഴ്ത്തിയതിന് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പത്തുപേരായി ചുരുങ്ങിയിരുന്നു. റഫറി സ്ലാവ്‌കോ വിൻസിചിന്റെ ഈ തീരുമാനത്തിനെതിരെ അർജന്റീന താരങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് കുക്കുറേയ മെസിക്ക് അരികിലെത്തിയത്. സംസാരിക്കുന്നതിനിടെ കുക്കുറേയ കൈകൊണ്ട് വായ ഭാഗികമായി മറച്ചുപിടിക്കുകയും പെട്ടെന്ന് തന്നെ കൈ മാറ്റുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട മെസി, കുക്കുറേയയ്ക്കെതിരെ നടപടിയെടുക്കണമെന്ന് റഫറിയോട് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പിയേഴ്സ് മോർഗൻ മെസിക്കെതിരെ രംഗത്തെത്തിയത്. “ഒരു കായികതാരത്തിൽ നിന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയനീയമായ കാര്യങ്ങളിലൊന്നാണിത്. ഈ ലോകകപ്പിൽ മെസിയുടെ വ്യാജ വിശുദ്ധപരിവേഷം തകർന്നു തരിപ്പണമായി; അക്രമാസക്തരായ ഒരു കൂട്ടം ഗുണ്ടകളുടെ കൗശലക്കാരനും വഞ്ചകനുമായ നേതാവായിരുന്നു അയാൾ,” മോർഗൻ കുറിച്ചു.

കളിക്കളത്തിലെ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ തടയുന്നതിന്റെ ഭാഗമായി ഈ ലോകകപ്പിൽ ഫിഫ കൊണ്ടുവന്ന ഏറ്റവും ശ്രദ്ധേയമായ നിയമ മാറ്റങ്ങളിലൊന്നാണ് വായ മൂടി സംസാരിക്കാൻ പാടില്ല എന്നത്. തർക്കങ്ങൾക്കിടെ ഈ നിയമം ലംഘിക്കുന്നതായി റഫറിക്ക് ബോധ്യപ്പെട്ടാൽ താരത്തിന് നേരിട്ട് ചുവപ്പുകാർഡ് നൽകാം. ടൂർണമെന്റിന്റെ തുടക്കത്തിൽ പരാഗ്വേയുടെ മിഗ്വേൽ അൽമിറോണും, പിന്നീട് ഇക്വഡോർ താരം പിയറോ ഹിൻകാപിയും ഈ നിയമപ്രകാരം റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു.

തുടർച്ചയായ രണ്ടാം ലോകകീരീടം ലക്ഷ്യമിട്ടിറങ്ങിയ അർജന്റീന ഫൈനലിൽ തീർത്തും നിരാശപ്പെടുത്തി. 90 മിനിറ്റിൽ ഗോൾവല ലക്ഷ്യമാക്കി ഒരു ഷോട്ട് പോലുമെടുക്കാത്ത ചരിത്രത്തിലെ ആദ്യ ടീമെന്ന നാണക്കേടും അർജന്റീന സ്വന്തമാക്കി. അധികസമയത്ത് 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ കിരീടമുയർത്തിയത്. കിലിയൻ എംബാപ്പെയുടെ പത്ത് ഗോളുകൾ മറികടക്കാൻ കഴിയാതിരുന്ന മെസിക്ക് ഗോൾഡൻ ബൂട്ടും നഷ്ടമായി. രാജ്യത്തിന് വേണ്ടിയുള്ള മെസിയുടെ അവസാന മത്സരമാണിതെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, വിരമിക്കൽ സംബന്ധിച്ച് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Also read: