09/08/2026
[fontresizer_tawhidurrahmandear_widget]

മലയാള സർവകലാശാലയിൽ ജാതി അധിക്ഷേപം: ഇരയായ ഗവേഷകയ്ക്ക് പിന്തുണയുമായി പോസ്റ്റിട്ട വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

 മലയാള സർവകലാശാലയിൽ ജാതി അധിക്ഷേപം: ഇരയായ ഗവേഷകയ്ക്ക് പിന്തുണയുമായി പോസ്റ്റിട്ട വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി അധ്യാപകരിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച മറ്റൊരു ഗവേഷകന് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. തുടർച്ചയായ വിവേചനങ്ങൾ സഹിക്കാനാവാതെയാണ് പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ അനഘ ശശി അധ്യാപകർക്കെതിരെ രംഗത്തെത്തിയത്. മുൻ ഡയറക്ടർ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെയായിരുന്നു പ്രധാന ആരോപണങ്ങൾ. ക്‌ളാസുകളിൽ വെച്ച് ജാതി അധിക്ഷേപം നടത്തുകയും, ഫെല്ലോഷിപ്പ് ലഭിച്ചത് ജാതി മുൻനിർത്തിയാണെന്ന് പരിഹസിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. ഇതിനുപുറമേ ലാബുകളും ഉപകരണങ്ങളും വൃത്തിയാക്കാനും വർഷങ്ങൾ പഴക്കമുള്ള റെക്കോർഡുകളും ഡെസേർട്ടേഷനുകളും തുടച്ചുവെപ്പിക്കാനും തങ്ങളെ നിർബന്ധിച്ചതായും, റൂംമേറ്റിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായും അനഘ തുറന്നുപറഞ്ഞിരുന്നു.

സർവകലാശാല അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് അനഘ പോലീസിനെയും സോഷ്യൽ മീഡിയയെയും സമീപിച്ചത്. സംഭവം വാർത്തയായതോടെ നിരവധി പേർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതിൽ അനഘയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിനാണ് ഒ.കെ. മുഹമ്മദ് റിയാസ് എന്ന ഗവേഷക വിദ്യാർത്ഥിക്ക് സർവകലാശാല ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അനഘയുടെ പരാതിയിൽ സർവകലാശാല കൃത്യമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. അതിനിടെ, സർവകലാശാല നടപടിയെടുത്തില്ലെന്ന് ആരോപിച്ച് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് റിയാസിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Also read: