ജഗതി അന്ധവിദ്യാലയത്തിൽ കാഴ്ചപരിമിതിയുള്ള അധ്യാപകന് മർദനം; പ്രതിഷേധവുമായി ബ്ലൈൻഡ് ഫെഡറേഷൻ
തിരുവനന്തപുരം: ജഗതി അന്ധവിദ്യാലയത്തിലെ കാഴ്ചപരിമിതിയുള്ള അധ്യാപകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്കൂളിലെ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന വി. വിനോദിനെ മർദിച്ച മുൻ പ്രധാനാധ്യാപിക ലീന സി. ലംബോധരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഒന്നരമാസം മുൻപ് സ്ഥലംമാറ്റം ലഭിച്ചിട്ടും ക്വാർട്ടേഴ്‌സ് ഒഴിയാതിരുന്ന ലീന, കഴിഞ്ഞ ദിവസമാണ് ഇത് ഒഴിവാക്കി നൽകിയത്. ക്വാർട്ടേഴ്‌സ് പരിശോധിച്ച് സാധനങ്ങളുടെ ലിസ്റ്റ് തിട്ടപ്പെടുത്തണമെന്ന് വിനോദ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സിസിടിവി ക്യാമറകൾ ഇല്ലെന്ന ധാരണയിൽ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ചതിയിൽപ്പെടുത്താനായിരുന്നു ലീനയുടെ ശ്രമമെന്ന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് പ്രതികരിച്ചു.
സംഭവത്തിൽ മ്യൂസിയം പോലീസ് ഭിന്നശേഷി സംരക്ഷണ നിയമപ്രകാരം ലീനയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഐ.ഇ.ഡി സെൽ കോർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ലീന.