ബഹ്റൈൻ കേരളീയ സമാജത്തിൽ കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയുള്ള അഭ്യാസം; വിശദീകരണവുമായി സംഘാടകർ
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി അവതരിപ്പിച്ച ചരടുപിന്നിക്കളിക്കിടെ കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. ഫോട്ടോകളും വീഡിയോകളും മാത്രം കണ്ട് വിമർശിക്കുന്നത് വാസ്തവവിരുദ്ധവും നിർഭാഗ്യകരവുമാണെന്ന് ബഹ്റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സെപ്റ്റംബർ 18-ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായത്. കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയത് അപരിഷ്കൃതവും നികൃഷ്ടവുമാണെന്ന് സംവിധായകൻ അരുൺ ഗോപി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു.
എന്നാൽ, ഈ കലാരൂപത്തിന്റെ സാമ്പ്രദായിക രീതി മാത്രമാണ് വേദിയിൽ അവതരിപ്പിച്ചതെന്ന് സമാജം വ്യക്തമാക്കി. പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി രൂപങ്ങൾ നിർമിക്കുകയും അത് അഴിച്ചെടുക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. മുതിർന്നവരുടെ ചുമലിൽ കയറിനിന്ന് റോപ്പിൽ പിടിച്ചുനിൽക്കുന്ന കുട്ടികൾക്ക് ചുറ്റും ചരടുകൊണ്ട് കവചം തീർക്കുകയാണ് പതിവ്.
ദിവസങ്ങളോളം പരിശീലനം നൽകി, കുട്ടികൾക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഭാരവാഹികൾ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് പരിപാടി വേദിയിലെത്തിച്ചതെന്നും അധികൃതർ പറഞ്ഞു. പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും ഇത് ആസ്വദിച്ചിരുന്നു. ഭാവിയിലും കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് മുൻഗണന നൽകുമെന്നും സമാജം കമ്മറ്റി കൂട്ടിച്ചേർത്തു.