27/09/2026
[fontresizer_tawhidurrahmandear_widget]

‘കുഞ്ഞമ്മേ മോളെ ഞാൻ കൊന്നു’; പൊന്നുമകളുടെ ജീവനെടുത്തത് വിവാഹവാർഷിക ദിനത്തിൽ, പിന്നാലെ ജീവനൊടുക്കാനും ക്രിസ്റ്റിയുടെ ശ്രമം

 ‘കുഞ്ഞമ്മേ മോളെ ഞാൻ കൊന്നു’; പൊന്നുമകളുടെ ജീവനെടുത്തത് വിവാഹവാർഷിക ദിനത്തിൽ, പിന്നാലെ ജീവനൊടുക്കാനും ക്രിസ്റ്റിയുടെ ശ്രമം

തിരുവനന്തപുരം: ലോകമെന്തെന്ന് തിരിച്ചറിയും മുൻപേ വിടപറഞ്ഞ അന്നയെന്ന ഒന്നര വയസ്സുകാരി ഇവാനയുടെ ഓർമകളിൽ നെഞ്ചുപൊട്ടി കഴിയുകയാണ് മലയിൻകീഴ്. മാതാപിതാക്കളുടെ നാലാം വിവാഹവാർഷിക ദിനത്തിൽ തന്നെ പൊന്നുമകളുടെ ജീവനെടുത്ത വാർത്ത നാടിനാകെ തീരാനോവായി മാറി. കേസിൽ സ്വന്തം അമ്മ ക്രിസ്റ്റി തന്നെ കസ്റ്റഡിയിലായെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ പോലുമാകാതെ നടുക്കത്തിലാണ് നാട്ടുകാർ.

കുന്നുകുഴി സ്വദേശികളായ ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് ഒടുവിൽ ഈ ദുരന്തത്തിൽ കലാശിച്ചതെന്നാണ് സൂചനകൾ. ഭർത്താവിന്റെ വീട്ടുകാരുമായി താൻ അടുപ്പത്തിലായിരുന്നില്ലെന്ന് കസ്റ്റഡിയിലുള്ള ക്രിസ്റ്റി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം പുലർച്ചെ കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മരുന്നുകളും ഗുളികകളും കഴിച്ച് ക്രിസ്റ്റി ആത്മഹത്യയ്ക്കും ശ്രമിച്ചു.

തുടർച്ചയായി വാതിലിൽ മുട്ടിയ ബന്ധു ഗസീന്തയ്ക്ക് മുന്നിലേക്ക് ‘കുഞ്ഞമ്മേ ഞാൻ മോളെ കൊന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റി വാതിൽ തുറന്നത്. രക്തത്തിൽ കുളിച്ചുകിടന്ന പിഞ്ചുകുഞ്ഞിനെയുമെടുത്ത് കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ ഗസീന്തയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നതും ആംബുലൻസ് എത്തിക്കുന്നതും. എന്നാൽ ആശുപത്രിയിൽ എത്തിച്ചേരുമ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു.

അതേസമയം, കുഞ്ഞിനെ സ്നേഹിക്കാൻ പോലും ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് ഭർത്താവ് അഭിജിത്ത് സങ്കടത്തോടെ വ്യക്തമാക്കുന്നത്. ക്രിസ്റ്റി എപ്പോഴും കുഞ്ഞുമായി മുറിക്കുള്ളിൽ തന്നെ കഴിയാറായിരുന്നുവെന്നും വീട്ടുക്കാരുമായി ഒരു അടുപ്പവും കാണിച്ചിരുന്നില്ലെന്നും അഭിജിത്തിന്റെ കുടുംബവും ആരോപിക്കുന്നു. സംഭവത്തിൽ അഭിജിത്തിന്റെ മാതാവ് ഗേളിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, കൊലപാതകത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.

സംഭവം നടന്ന വീട് പോലീസ് നിലവിൽ സീൽ ചെയ്തിട്ടുണ്ട്. ഫൊറൻസിക് സംഘത്തിന്റെ വിശദമായ പരിശോധനയും എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹ പരിശോധനയും പൂർത്തിയാക്കും. പോലീസ് ചോദ്യം ചെയ്തപ്പോൾ തന്നെ ക്രിസ്റ്റി കുറ്റം സമ്മതിച്ചിരുന്നു. വിവരമറിഞ്ഞ് ജോലിസ്ഥലത്തുനിന്നെത്തിയ അഭിജിത്ത് നിറകണ്ണുകളോടെ തിണ്ണയിലിരിക്കുന്ന കാഴ്ചയും കണ്ടുനിന്നവരുടെ കരൾ പിളർക്കുന്നതായിരുന്നു. മുഖം പൊത്തി നിലവിളിക്കുന്ന അഭിജിത്തിനെ സാക്ഷിയാക്കിയാണ് പോലീസ് ക്രിസ്റ്റിയുമായി സ്റ്റേഷനിലേക്ക് മടങ്ങിയത്.

Also read: