നിറത്തിന്റെ പേരില്‍ എസ്.സി വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ കലോത്സവ ജഡ്ജ് അപമാനിച്ചു; പരാതിയുമായി മാതാപിതാക്കള്‍
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ വിധികർത്താവ് അധിക്ഷേപിച്ചതായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ പരാതി. നിറം കറുത്തതാണെന്ന് ചൂണ്ടിക്കാട്ടിയും ശാരീരിക അവസ്ഥയെ പരിഹസിച്ചും മൈക്കിലൂടെ പരസ്യമായി അപമാനിച്ചെന്നാണ് ആരോപണം. തിരുവനന്തപുരം കാട്ടാക്കട ഗവൺമെന്റ് വീരണകാവ് വിഎച്ച്എസ്എസിലെ രണ്ടാം വർഷ വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 26-ന് നടന്ന സ്കൂൾ കലോത്സവത്തിലെ നാടോടിനൃത്ത മത്സരത്തിനിടയിലാണ് സംഭവം. മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിനിയുടെ നിറത്തിന് അനുസരിച്ചുള്ള വസ്ത്രധാരണം ആയിരുന്നില്ലെന്നും, കൂനിയാണ് നിൽക്കുന്നതെന്നും ജഡ്ജ് പരസ്യമായി പറയുകയായിരുന്നു. എന്നാൽ, അധിക്ഷേപിച്ച വിധികർത്താവിന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ സ്കൂൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
അപമാനത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ 17-കാരിക്ക് ആത്മഹത്യാ പ്രേരണയുണ്ടായതായും രാത്രി മുഴുവൻ മകൾക്ക് കൂട്ടിരിക്കേണ്ടി വന്നതായും മാതാപിതാക്കൾ വെളിപ്പെടുത്തി. ജനിതകമായി കഴുത്തിന് പിന്നിൽ കൂനുള്ള വിദ്യാർത്ഥിനി കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും, കഴിഞ്ഞ 10 വർഷമായി കലോത്സവങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടുകയും ചെയ്യുന്ന കലാകാരിയാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ മന്ത്രി, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകി.