വസ്തു തരം മാറ്റാൻ 5000 കൈക്കൂലി; തിരുവനന്തപുരത്ത് വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഭൂമി തരംമാറ്റി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. മുട്ടത്തറ വില്ലേജ് ഓഫീസിലെ അസിസ്റ്റന്റും നെടുമങ്ങാട് സ്വദേശിയുമായ അസറുദ്ദീനാണ് വിജിലൻസ് സംഘം തയാറാക്കിയ കെണിയിൽ കുടുങ്ങി കയ്യോടെ അറസ്റ്റിലായത്.
വള്ളിക്കടവിൽ വീട് നിർമിക്കുന്നതിനായി വാങ്ങിയ മൂന്ന് സെന്റ് സ്ഥലം ‘നിലം’ എന്നതിൽ നിന്ന് കരഭൂമിയായി തരംമാറ്റുന്നതിനായി വള്ളക്കടവ് സ്വദേശിയായ പരാതിക്കാരനും ഭാര്യയും ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷയിൽ തുടർനടപടികൾ വൈകിയതിനെ തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ഫയൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്ന് മനസ്സിലാക്കിയത്. ഇതിനെത്തുടർന്ന് ഇയാൾ വില്ലേജ് അസിസ്റ്റന്റായ അസറുദ്ദീനെ നേരിൽ കണ്ടു.
സ്ഥലം നേരിട്ട് പരിശോധിച്ച അസറുദ്ദീൻ, ഭൂമി തരംമാറ്റി കിട്ടാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും നടപടികൾ വേഗത്തിലാക്കാൻ 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം ഉടൻ തന്നെ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി അസറുദ്ദീന് പണം കൈമാറുകയും, പണം വാങ്ങിയ ഉടൻ ഓഫീസിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കയ്യോടെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.