20/07/2026
[fontresizer_tawhidurrahmandear_widget]

‘ഭാര്യയെ വീട്ടിലേക്ക് അയക്കണമെങ്കിൽ അമ്മയെ കൊല്ലണം’; അമ്മായിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

 ‘ഭാര്യയെ വീട്ടിലേക്ക് അയക്കണമെങ്കിൽ അമ്മയെ കൊല്ലണം’; അമ്മായിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ആഗ്ര: അമ്മായിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാതാവിന് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പിനാഹട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബർപുര ഗ്രാമത്തിൽ താമസിക്കുന്ന രവീന്ദ്ര എന്ന യുവാവാണ് സ്വന്തം അമ്മയായ രാംമൂർത്തിയെ ക്രൂരമായി അപായപ്പെടുത്താൻ തുനിഞ്ഞത്. കുടുംബത്തിലെ വസ്തു തർക്കങ്ങളെ തുടർന്ന് രവീന്ദ്രന്റെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനായി രവീന്ദ്രൻ അമ്മായിയമ്മയായ ഫൂൽവതിയെ സമീപിച്ചപ്പോഴാണ്, അമ്മയെ കൊലപ്പെടുത്തിയാൽ മാത്രമേ മകളെ കൂടെ അയക്കൂ എന്ന നിബന്ധന അവർ മുന്നോട്ട് വെച്ചത്.

ഇതിനായി ഫൂൽവതി ഗാത്പുര ഗ്രാമത്തിലേക്ക് രവീന്ദ്രനെ വിളിച്ചുവരുത്തി വിഷം അടങ്ങിയ ഒരു പാക്കറ്റ് കൈമാറുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ രവീന്ദ്രൻ, അമ്മയ്ക്കായി തയാറാക്കിയ ചോലെ വിഭവത്തിൽ ഈ വിഷം കലർത്തി നൽകി. ഭക്ഷണം കഴിച്ചയുടൻ ഗുരുതരാവസ്ഥയിലായ രാംമൂർത്തിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം രവീന്ദ്രൻ തന്നെയാണ് വിഷം നൽകിയ വിവരം പിതാവ് രൺവീർ സിംഗിനോട് തുറന്നുപറഞ്ഞത്. തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രവീന്ദ്രനും അമ്മായിയമ്മ ഫൂൽവതിക്കുമെതിരെ പോലീസ് കേസെടുത്തു. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Also read: