26/07/2026
[fontresizer_tawhidurrahmandear_widget]

അധ്യാപികമാർ നിയന്ത്രിക്കുന്ന ലഹരിമാഫിയ;പേര് മറയാക്കി ഇടപാട് നിയന്ത്രിച്ചു;സഞ്ചാരം ആഡംബരക്കാറിൽ

 അധ്യാപികമാർ നിയന്ത്രിക്കുന്ന ലഹരിമാഫിയ;പേര് മറയാക്കി ഇടപാട് നിയന്ത്രിച്ചു;സഞ്ചാരം ആഡംബരക്കാറിൽ

കോഴിക്കോട്: അധ്യാപനത്തിന്റെ മറവിൽ ലഹരിവ്യാപാരം നടത്തിയ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ. ജൂലൈ 12ന് അറസ്റ്റിലായ കീർത്തനയുടെ മൊഴിയുടെയും അക്കൗണ്ട് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഉറ്റ സുഹൃത്തും സഹപ്രവർത്തകയുമായ കാവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിലെ താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയെ എംഡിഎംഎയുമായി റിസ്വാൻ എന്നയാൾ പിടിയിലായതോടൊണ് പണമിടപാട് നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ ചെറൂവാളൂർ സർക്കാർ എൽ.പി സ്‌കൂളിനോട് ചേർന്നുള്ള ഓട്ടിസം സ്‌കൂളിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയെയും പിടികൂടുകയായിരുന്നു,

അധ്യാപികമാരെന്ന സൽപേരും സാമൂഹിക അംഗീകാരവും മറയാക്കിയായിരുന്നു ഇവരുടെ ലഹരി കച്ചവടം. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ‘മണി മ്യൂൾ’ അക്കൗണ്ട് രീതിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ലഹരി ആവശ്യമുള്ളവർ അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം അയച്ചുനൽകിയാൽ, ലഹരി ഒളിപ്പിച്ചുവെച്ച ലൊക്കേഷൻ വാങ്ങുന്നയാൾക്ക് കൈമാറും. തുടർന്ന് സംഘത്തിലെ മറ്റൊരാൾ അവിടെയെത്തുന്നയാൾക്ക് ലഹരി എത്തിച്ചുനൽകും. ലഭിക്കുന്ന വൻ തുക കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റി ലഹരി ശൃംഖല നിയന്ത്രിക്കുകയായിരുന്നു തന്ത്രം.

എം.എ സൈക്കോളജി ബിരുദധാരിയായ കാവ്യ 2016 മുതൽ സ്‌പെഷ്യൽ എജ്യുക്കേറ്ററായി ജോലി ചെയ്തുവരികയാണ്. രണ്ടു വർഷം മുൻപ് അപകടത്തിൽ പരിക്കേറ്റ കാവ്യയുടെ ചികിത്സയ്ക്കായി സഹഅധ്യാപകർ പിരിവെടുത്ത് സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ അടുത്തിടെ കാവ്യ വിലകൂടിയ ആഢംബര കാർ വാങ്ങിയത് അധ്യാപകർക്കിടയിൽ സംശയത്തിന് ഇടയാക്കിയിരുന്നു. പിടിയിലായ കീർത്തനയെ സമഗ്ര ശിക്ഷ സംസ്ഥാന കോർഡിനേറ്റർ സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Also read: