21/07/2026
[fontresizer_tawhidurrahmandear_widget]

ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എം.എസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു, ഫണ്ട് തിരിമറി നടപടിയിൽ പ്രതികരിച്ചില്ല

 ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എം.എസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു, ഫണ്ട് തിരിമറി നടപടിയിൽ പ്രതികരിച്ചില്ല

തിരുവനന്തപുരം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാൽ, ഫണ്ട് തിരിമറിയെക്കുറിച്ചോ തനിക്കെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതല വഹിച്ചിരുന്ന അഞ്ജനയ്ക്കെതിരെയാണ് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷിന് തൊട്ടുതാഴെ, പ്രവർത്തന ഏകോപനവും ഫണ്ട് വിതരണവുമായിരുന്നു അഞ്ജനയുടെ ചുമതല. ഇതിനിടെ, പുറത്തുനിന്ന് കൊടി വാങ്ങിയതിൽ 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്നാണ് ഉയർന്നുവന്ന പ്രധാന ആരോപണം. ഫണ്ട് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായും വാർത്തകളുണ്ട്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിദേശത്തുനിന്ന് അടുത്തയാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതോടെ ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തിൽ ഉയർന്നേക്കാവുന്ന കടുത്ത വിമർശനങ്ങളെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് അഞ്ജന ഇപ്പോൾ പൊലീസിനെ സമീപിച്ചിരിക്കുന്നത് എന്നാണ് സൂചന.

Also read: