21/07/2026
[fontresizer_tawhidurrahmandear_widget]

സൗജന്യമായി കിട്ടിയ കൊടികൾ നേതാവ് 2 ലക്ഷത്തിന് വിറ്റു; ബിജെപി ഫണ്ട് തട്ടിപ്പിന്റെ കണക്ക് പുറത്ത്

 സൗജന്യമായി കിട്ടിയ കൊടികൾ നേതാവ് 2 ലക്ഷത്തിന് വിറ്റു; ബിജെപി ഫണ്ട് തട്ടിപ്പിന്റെ കണക്ക് പുറത്ത്

തിരുവനന്തപുരം: ബിജെപി നേതാക്കൾ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ഗുരുതര ആരോപണം. കൊടി വാങ്ങിയതിലും മുറിയും വാഹനങ്ങളും വാടകയ്‌ക്കെടുത്തതിലും ഉൾപ്പെടെ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് പരാതി ലഭിച്ചു. പരാതിക്കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്.

കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്ത് വാങ്ങിയതാണെന്ന് കാണിച്ച് ഒരു കോടി 62 ലക്ഷം രൂപയുടെ വ്യാജ ബില്ലുണ്ടാക്കി ഒരു വനിതാ സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷൻ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. ഇതേ രീതിയിൽ സൗജന്യമായി കിട്ടിയ കൊടികൾ മണ്ഡലം കമ്മിറ്റികൾക്ക് മറിച്ച് വിറ്റ് മറ്റൊരു സംസ്ഥാന സെക്രട്ടറി രണ്ടു ലക്ഷം രൂപയും തട്ടിയെടുത്തു.

ഇതിനുപുറമെ, ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിച്ച വകയിൽ അഞ്ച് ലക്ഷം രൂപ മറ്റൊരു നേതാവ് കമ്മീഷൻ വാങ്ങി. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ നേതാക്കൾക്കായി 30 മുറികൾ ബുക്ക് ചെയ്തതിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ വാടകയിനത്തിലും വ്യാജ ബില്ലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ആറോളം സംസ്ഥാന നേതാക്കളുടെ പേരുകൾ പരാതിയിലുണ്ട്.

അതേസമയം, പാർട്ടിയിൽ ഒരു രൂപയുടെ പോലും വെട്ടിപ്പ് നടന്നിട്ടില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. ദേശീയ ഓഡിറ്റിങ് വിഭാഗം സംസ്ഥാന കമ്മിറ്റിയെ അഭിനന്ദിച്ചതായും ഇവർ അവകാശപ്പെടുന്നു. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് തിരിച്ചെത്തിയ ശേഷം കോർ കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്തേക്കും.

Also read: