‘ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ; ഹെലികോപ്റ്ററും മുഖ്യമന്ത്രി ഊണു കഴിച്ചതുമല്ല വിഷയം’- കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടതെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതോ ഊണ് കഴിച്ചതോ അല്ല വിഷയമാക്കേണ്ടതെന്നും, പ്രളയകാലത്തെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലും സർക്കാരിന് സംഭവിച്ച വീഴ്ചകൾ ആർജ്ജവത്തോടെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുൻ എൽഡിഎഫ് ഭരണകാലത്തും പ്രളയമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി എങ്ങും പോയിരുന്നില്ലെങ്കിലും വൈകുന്നേരങ്ങളിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ നിലവിലെ പ്രധാന വിഷയം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ദയനീയ വീഴ്ചകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ നേതാക്കളുടെ വാചകങ്ങളിലെ അക്ഷരപ്പിശകുകളെയോ വ്യാകരണ തെറ്റുകളെയോ പിടിച്ചുള്ള വിമർശനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി ‘കേരളം’ എന്ന് എഴുതിയപ്പോൾ ‘കാരളം’ എന്നായിപ്പോയതോ, ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിന്റെ ഇംഗ്ലീഷിന് മാർക്കിടാൻ സമയം ചെലവഴിച്ചതോ അല്ല ചർച്ചയാകേണ്ടത്. കുഞ്ഞാലിക്കുട്ടി നല്ല വിദ്യാഭ്യാസമുള്ള മുൻ മന്ത്രിയാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഇത്തരം ചെറിയ പിശകുകളേക്കാൾ ഒരാൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതിനാണ് രാഷ്ട്രീയ ചർച്ചകളിൽ പ്രാധാന്യം നൽകേണ്ടതെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.