കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ഇനി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസിൽ; സർവീസ് ഉടൻ
കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമൊപ്പം മന്ത്രി നഗരം ചുറ്റി ബസിന്റെ കന്നിയാത്ര നടത്തി. മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിൽനിന്ന് ആരംഭിച്ച് അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, ഇംഗ്ലീഷ് പള്ളി വഴി വീണ്ടും സ്റ്റാൻഡിൽ തിരിച്ചെത്തുന്നതായിരുന്നു ഉദ്ഘാടന യാത്ര.
വൈകീട്ട് മൂന്ന് മണി മുതൽ രാത്രി വൈകുന്നത് വരെ വിവിധ റൂട്ടുകളിലായാകും ബസ് സർവീസ് നടത്തുക. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും വിനോദസഞ്ചാരികൾക്ക് മികച്ചൊരു യാത്രാനുഭവം നൽകാൻ ഈ സർവീസ് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീജാ സി നായർ, കെഎസ്ആർടിസി.അസിസ്റ്റന്റ് വർക്ക് മാനേജർ ഗിരീഷ് പവിത്രാലയം തുടങ്ങിയവർ പങ്കെടുത്തു.