24/07/2026
[fontresizer_tawhidurrahmandear_widget]

പ്രിയദർശിനി ബസുകളിൽ ‘സീറോ ടിക്കറ്റ്’ തട്ടിപ്പ്; പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്കറ്റിലാക്കി കണ്ടക്ടർമാർ

 പ്രിയദർശിനി ബസുകളിൽ ‘സീറോ ടിക്കറ്റ്’ തട്ടിപ്പ്; പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്കറ്റിലാക്കി കണ്ടക്ടർമാർ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസുകളിൽ ചിലയിടങ്ങളിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ ടിക്കറ്റ്’ പുരുഷന്മാർക്ക് നൽകിയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കുന്ന തുക ബസ് ജീവനക്കാർ സ്വന്തം പോക്കറ്റുകളിലേക്ക് നിക്ഷേപിക്കുകയാണ്. സംഭവത്തിൽ ചില യാത്രക്കാർ നേരിട്ട് പരാതി നൽകിയതോടെ അധികൃതർ അന്വേഷണവും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതികൾ പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ വിഷയം ഒത്തുതീർപ്പാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.

യാത്രക്കാർ കൈപ്പറ്റുന്ന ടിക്കറ്റുകൾ വിശദമായി പരിശോധിക്കാറില്ല എന്ന കാര്യം മുതലെടുത്താണ് പുരുഷന്മാർക്കും ‘സീറോ വാല്യു’ ടിക്കറ്റുകൾ നൽകുന്നത്. തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനാണ് ഇത്തരം ഒരു തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്. ആലുവ-പറവൂർ റൂട്ടിൽ യാത്ര ചെയ്ത് ബസിൽ നിന്നിറങ്ങിയ ശേഷമാണ് തനിക്ക് ലഭിച്ചത് വനിതകൾക്കുള്ള സൗജന്യ ടിക്കറ്റാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കെ.എസ്.ആർ.ടി.സി.യുടെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിലേക്ക് ഇ-മെയിൽ വഴി ഇയാൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബസിൽ വൻ തിരക്കായിരുന്നുവെന്നും കാഴ്ചക്കുറവ് മൂലമാണ് അബദ്ധം സംഭവിച്ചതെന്നുമാണ് താത്കാലിക ജീവനക്കാരനായ കണ്ടക്ടർ മൊഴി നൽകിയത്. എന്നാൽ ആ സമയം ബസിൽ 34 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ടിക്കറ്റ് റിപ്പോർട്ടിൽ വ്യക്തമായി. കണ്ടക്ടർ സാമ്പത്തിക ലാഭത്തിനായി മനഃപൂർവം തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

മറ്റൊരു കേസ് എറണാകുളം-ഗുരുവായൂർ റൂട്ടിലായിരുന്നു റിപ്പോർട്ട് ചെയ്തത്. ഒരു യാത്രക്കാരൻ തനിക്ക് ലഭിച്ചത് സൗജന്യ ടിക്കറ്റാണെന്ന് ചൂണ്ടിക്കാണിച്ചതോടെ കണ്ടക്ടർ ആ ടിക്കറ്റ് തിരിച്ചുവാങ്ങുകയും പകരം ‘മെയിൽ’ ടിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ ആ സമയം ഇതേ ബസിലുണ്ടായിരുന്ന പരാതിക്കാരനായ മറ്റൊരു യാത്രക്കാരൻ പരിശോധിച്ചപ്പോഴും തനിക്ക് ലഭിച്ചതും വനിതാ സൗജന്യ ടിക്കറ്റാണെന്ന് ബോധ്യപ്പെട്ടു. കണ്ടക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ ബസിറങ്ങിയ ഉടൻ കൺട്രോൾ സെന്ററിൽ പരാതി നൽകുകയായിരുന്നു. ഉച്ചയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈകീട്ടോടെ ജീവനക്കാരുടെ ബാഗ് പരിശോധിച്ച അധികൃതർ, കണക്കിൽപ്പെടാത്ത 135 രൂപ അധികമായി കണ്ടെത്തുകയും ചെയ്തു.

ഇതിനുപുറമേ, പൊന്നാനി ഡിപ്പോയിൽനിന്ന് പാലക്കാട്ടേക്ക് പോയ ബസിൽ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവവും ഉണ്ടായി. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

Also read: