‘വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് വാഷിങ് ജീവനക്കാർക്ക 1000 രൂപ ഓണം അലവൻസ്’: മന്ത്രി സിപി ജോൺ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപയാണ് അലവൻസായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ബസ് വാഷിങ് ജീവനക്കാരെ തേടി ആനുകൂല്യം എത്തുന്നത്.
കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സ്ഥിരം, താൽക്കാലിക ജീവനക്കാർക്കും 2019-ന് ശേഷം പെൻഷൻകാർക്കും ഉത്സവ ബത്ത നൽകാനുള്ള നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവ ബത്തയും അഡ്വാൻസും നൽകുന്നതിനായി മുൻപ് 33.92 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്കുള്ള തുക വകയിരുത്തുന്നത്.
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസിനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്തയ്ക്കായി 5.32 കോടി രൂപയുമാണ് നേരത്തെ പ്രത്യേക ധനസഹായമായി അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും മുൻനിർത്തിയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.