18/08/2026
[fontresizer_tawhidurrahmandear_widget]

ജീവനക്കാരുടെ നിസ്സഹകരണം: കെഎസ്ആർടിസിയുടെ ‘KL 15’ കുപ്പിവെള്ള പദ്ധതി നിലച്ചു

 ജീവനക്കാരുടെ നിസ്സഹകരണം: കെഎസ്ആർടിസിയുടെ ‘KL 15’ കുപ്പിവെള്ള പദ്ധതി നിലച്ചു

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച ‘KL 15’ കുപ്പിവെള്ള വിതരണ പദ്ധതി പൂർണമായും പരാജയപ്പെട്ട് അവസാനിച്ചു. ജീവനക്കാരുടെ നിസ്സഹകരണവും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകൾ കേന്ദ്രീകരിച്ച് കുപ്പിവെള്ള വിൽപ്പന ആരംഭിക്കാൻ തീരുമാനമെടുത്തത്.

സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി സഹകരിച്ച് ഒരു ലിറ്ററിന് 13 രൂപ നിരക്കിലാണ് ‘KL 15’ കുപ്പിവെള്ളം വിപണിയിലെത്തിച്ചിരുന്നത്. വെള്ളം വിൽക്കുന്നതിനായി കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ബസുകളിലേക്ക് കുപ്പിവെള്ളം കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ വിൽപ്പനയിൽ നിന്ന് പിന്മാറുകയായിരുന്നു.

ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിക്കരുതെന്ന നിലപാടാണ് തൊഴിലാളി സംഘടനകൾ സ്വീകരിച്ചത്. ഇതോടെ വിപണനം പൂർണമായി തടസ്സപ്പെട്ടു. പിന്നീട് ഡിപ്പോ സ്റ്റോറുകൾ വഴി വിൽക്കാൻ ശ്രമിച്ചെങ്കിലും അതും വിജയത്തിലെത്തിയില്ല.

അതേസമയം, നിലവിലെ പോരായ്മകൾ പരിഹരിച്ച് പദ്ധതി പുനരാവിഷ്കരിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കി. കുപ്പിവെള്ളം ബസുകളിൽ കൃത്യമായി എത്തിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം തേടുന്ന കാര്യവും മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്.

Also read: