18/08/2026
[fontresizer_tawhidurrahmandear_widget]

കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സൗജന്യ യാത്ര നിർത്തണം; ഹരജിയുമായി സ്വകാര്യ ബസ് ഉടമ

 കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സൗജന്യ യാത്ര നിർത്തണം; ഹരജിയുമായി സ്വകാര്യ ബസ് ഉടമ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങി.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയത് വിപണിയിലെ സമതുലിതമായ മത്സരത്തെ ബാധിച്ചെന്നും കെ.എസ്.ആർ.ടി.സിക്കു മാത്രം നേട്ടമുണ്ടാക്കാൻ ഇടയാക്കിയെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.

സൗജന്യയാത്ര അനുവദിച്ചത് വിപണിയിലെ തുല്യമത്സരത്തിന് വിരുദ്ധമാണ്. ഇത് സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ ബാധിച്ചു. പദ്ധതി കാരണം യാത്രക്കാർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതിനാൽ സ്വകാര്യ ബസ് ഉടമകൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ ഒഴിഞ്ഞു പോകുന്നത് സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നു. സർവിസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കി ആളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

വനിതകൾക്കായുള്ള കേരള സർക്കാറിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി വൻവിജയമായിരുന്നു. എന്നാൽ, സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ബസൊന്നിന് 1000 മുതൽ 4000 വരെ പ്രതിദിന കളക്ഷൻ കുറഞ്ഞതായാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം കൂട്ടാൻ എം.എൽ.എമാരുടെ ഫണ്ടിൽനിന്ന് ബസ് വാങ്ങാൻ ആലോചന നടത്തുകയാണ് സർക്കാർ. പ്ലാൻ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് ബസ് വാങ്ങി മണ്ഡലത്തിനായി നൽകും. ജീവനക്കാരെയും പരിപാലനവും കെ.എസ്.ആർ.ടി.സി നിർവഹിക്കും. ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. സംസ്ഥാനത്തെ ബസുകളുടെ കുറവ് പരിഹരിക്കാൻ പുതിയ നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Also read: