20/07/2026
[fontresizer_tawhidurrahmandear_widget]

‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ എന്താ പറയാത്തത്?’: സി.പി ജോൺ

 ‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ എന്താ പറയാത്തത്?’: സി.പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസുകളിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു.

സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രിയദർശിനി പദ്ധതി ആദ്യം ബഹിഷ്കരിക്കണമെന്ന് പറഞ്ഞവർ ഇപ്പോൾ അത് പറയുന്നില്ല. പാർട്ടിയുടെ മെമ്പർമാരോടും പ്രവർത്തകരോടും പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 10-35 ശതമാനം ആളുകൾ അതിൽ കയറാതിരിക്കുകയും, അത് സ്വകാര്യ ബസുകാർക്ക് പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ, സിപിഎം പ്രവർത്തകരും ഈ ബസുകളിൽ കയറുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ യാത്രാപ്രശ്നത്തിൽ പ്രിയദർശിനിയിൽ ബുദ്ധിമുട്ടുകളില്ലെന്നും സ്വകാര്യ ബസുകളിലാണ് പ്രശ്നമെന്നും പറഞ്ഞ മന്ത്രി, ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് തീരുമാനമെടുക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

വാഹനങ്ങളിലെ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾക്കെതിരെയും മന്ത്രി ശക്തമായി പ്രതികരിച്ചു. വാഹനം ഒരു കളിപ്പാട്ടമല്ല, അപകടം പിടിച്ച ഒരു യന്ത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കളർ മാറ്റുന്നത് കുഴപ്പമില്ലെന്ന് അസംബ്ലിയിൽ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, ശബ്ദം പുറത്തേക്ക് കേൾക്കാൻ പാടില്ലെന്നും അമിതമായ ലൈറ്റുകൾ അടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. വാഹനത്തിൽ വെച്ച പാട്ട് കേട്ട് പുറത്തുനിന്ന് നൃത്തം ചെയ്യുന്ന രീതികളിൽ നിന്ന് ജനങ്ങൾ സ്വയം പിന്മാറണം. കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ ദുരന്തം ചൂണ്ടിക്കാട്ടിയ മന്ത്രി, വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ വളരെ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെക്ഷൻ നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മന്ത്രി, നിരക്ക് വർധനയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ പരിശോധിക്കുമെന്നും അറിയിച്ചു.

Also read: