27/09/2026
[fontresizer_tawhidurrahmandear_widget]

ലക്ഷദ്വീപിലേക്ക് ബജറ്റ് യാത്രയുമായി കെഎസ്ആർടിസി; അറിയാം മുഴുവൻ വിവരങ്ങൾ

 ലക്ഷദ്വീപിലേക്ക് ബജറ്റ് യാത്രയുമായി കെഎസ്ആർടിസി; അറിയാം മുഴുവൻ വിവരങ്ങൾ

തിരുവനന്തപുരം: യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് നാല് ദിവസത്തെ =ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം ലക്ഷദ്വീപിലെത്തി വിവിധ ദ്വീപുകളും കാഴ്ചകളും കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ താല്പര്യപ്രകാരം ഹോംസ്റ്റേകളോ റിസോർട്ടുകളോ താമസത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും.

അഗത്തി എയർപോർട്ടിൽ ഇറങ്ങുന്ന സഞ്ചാരികളെ സ്വീകരിച്ച് താമസസ്ഥലത്തേക്ക് എത്തിക്കുന്നതോടെയാണ് പ്ലാൻ ആരംഭിക്കുന്നത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അന്ധൻ ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ കറക്കം പൂർത്തിയാകും.

രണ്ടാം ദിവസം സ്നോർക്കെലിങ്, നീന്തൽ, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. മൂന്നാം ദിനം ഗ്ലാസ് ബോട്ട് റൈഡ്, ടർട്ടിൽ വാച്ച്, കയാക്കിങ് എന്നിവയ്ക്കൊപ്പം സ്വകാര്യ ബോട്ടിൽ കൽപ്പിട്ടി ദ്വീപിലേക്ക് പ്രത്യേക യാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നാലാം നാൾ പ്രഭാതഭക്ഷണത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങാം. മടക്കയാത്രയിൽ ദ്വീപിന്റെ തനത് പലഹാരങ്ങളും ഫിഷ് അച്ചാറുകളും വാങ്ങാൻ സൗകര്യമുണ്ടാകും.

ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, എയർപോർട്ട്/ജെട്ടി പിക്കപ്പും ഡ്രോപ്പും, താമസം, ഭക്ഷണം, കാഴ്ചകളിലേക്കുള്ള യാത്ര, ഗ്ലാസ് ബോട്ട് റൈഡ്, സ്നോർക്കെലിങ്, കയാക്കിങ്, വൈഫൈ, ട്രാവൽ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജ് തുകയിൽ ഉൾപ്പെടുന്നു. എന്നാൽ സ്കൂബ ഡൈവിങിന് 4,000 രൂപയും പാരാസെയിലിങിന് 3,500 രൂപയും അധികമായി നൽകണം.

യാത്രയ്ക്ക് കുറഞ്ഞത് 17 ദിവസം മുൻപ് പെർമിറ്റിനായുള്ള രേഖകൾ സമർപ്പിക്കണം. ബുക്കിങ് സമയത്ത് മുഴുവൻ തുകയും അടച്ച് സീറ്റ് ഉറപ്പാക്കേണ്ടതാണ്. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാന ടിക്കറ്റ് നിരക്കും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അടുത്തുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണ്.

Also read: