ലക്ഷദ്വീപിലും ബുൾഡോസർ രാജ്; നോട്ടീസ് കാലാവധി അവസാനിക്കും മുമ്പേ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭരണകൂടം പൊളിച്ചുനീക്കി. നോട്ടീസിന് മറുപടി നൽകാൻ അനുവദിച്ച സമയപരിധി പൂർത്തിയാകുന്നതിന് മുൻപാണ് അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയത്.
ഈ മാസം 10-നാണ് കെട്ടിടങ്ങളുടെ ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകിയത്. സെപ്റ്റംബർ 17-നകം മറുപടി നൽകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. എന്നാൽ മറുപടി നൽകാനുള്ള തീയതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഭരണകൂടം കെട്ടിടങ്ങൾ തകർത്തത്.
അധികൃതരുടെ ഏകപക്ഷീയമായ നടപടിയെ തുടർന്ന് അഗത്തിയിൽ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയർന്നുവന്നു. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കോൺഗ്രസ്, എൻസിപി (ശരത് പവാർ വിഭാഗം) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എൻസിപി നേതാവ് ഒ.പി. ജബ്ബാർ, കോൺഗ്രസ് നേതാവ് ദിൽഷാദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് അറസ്റ്റിലായത്. സംഭവവികാസങ്ങളെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പണ്ടാരഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ടെങ്കിലും, കെട്ടിട നിർമാണത്തിന് ആവശ്യമായ ഡൈവേർഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേഷൻ പൊളിച്ചുനീക്കലിലേക്ക് കടന്നത്.