03/06/2026
[fontresizer_tawhidurrahmandear_widget]

ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം മഹാരാഷ്ട്രയിൽ

 ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത നിർമാണം എന്ന പേരിൽ വീട് പൊളിക്കാനെത്തിയ മുനിസിപ്പൽ അധികൃതരെ മാലയിട്ട് സ്വീകരിച്ച് കുടുംബം. എ.ഐ.എം.ഐ.എമ്മിന്റെ കോർപറേഷൻ കൗൺസിലർ കൂടിയായ മതീൻ പട്ടേലിന്റെ വീട് തകർക്കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുൾഡോസറുകളുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാല അണിയിച്ചും മധുരം നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അധികൃതരുടെ നടപടിയോടുള്ള പരിഹാസരൂപേണയുള്ള പ്രതിഷേധമായിരുന്നു ഇത്.

ബുധനാഴ്ച നരേഗാവ് മേഖലയിലുള്ള മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് അസാധാരണമായ കാഴ്ചകളാണ്. മതീൻ പട്ടേലിന്റെ കുടുംബാംഗങ്ങൾ ഉദ്യോഗസ്ഥരെയും ബുൾഡോസർ സംഘത്തെയും മാലയിട്ട് സ്വീകരിച്ചു. ‘വളരെ മികച്ച ജോലി ചെയ്യാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്’ എന്ന് പരിഹാസത്തോടെ അവർ ഉദ്യോഗസ്ഥരോട് പറയുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

അധികൃതർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, പട്ടേലിന്റെ കുടുംബം പിൻവാങ്ങാൻ തയ്യാറായില്ല. ഉദ്യോഗസ്ഥർക്ക് മധുരപലഹാരങ്ങൾ നൽകാനും അവർ ശ്രമിച്ചു. നടപടി തുടരുമ്പോഴും പുഞ്ചിരിയോടെയും പരിഹാസത്തോടെയും അവർ അവിടെത്തന്നെ നിലയുറപ്പിച്ചു.

മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി മെയ് ഒൻപതിനാണ് മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നൽകിയത്. 72 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മതീൻ പട്ടേൽ കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ഇതോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ മുന്നോട്ട് പോയത്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കൽ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

വെറുമൊരു അനധികൃത നിർമാണ കേസ് എന്നതിലുപരി രാഷ്ട്രീയമായും നിയമപരമായും ഏറെ പ്രാധാന്യമുള്ളതാണ് മതീൻ പട്ടേലിനെതിരെയുള്ള നടപടി. നാസിക്കിലെ ടി.സി.എസ് ജീവനക്കാരന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ നിദാ ഖാന് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്ന ഗുരുതരമായ ആരോപണം പട്ടേലിനെതിരെയുണ്ട്. ഈ കേസിൽ പട്ടേലിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.

മഹാരാഷ്ട്രയിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളുടെ അനധികൃത സ്വത്തുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പൊളിക്കൽ നടപടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ മതീൻ പട്ടേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: