‘ദാറുൽ ഉലൂം ദിയൂബന്ദ് ഭീകരരുടെ താവളം, ബുൾഡോസർ വെച്ച് പൊളിച്ചുമാറ്റണം’; വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു രക്ഷാ ദൾ അധ്യക്ഷൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദിയൂബന്ദിനെതിരെ കടുത്ത പരാമർശങ്ങളുമായി ഹിന്ദു രക്ഷാ ദൾ അധ്യക്ഷൻ പിങ്കി ചൗധരി. ദാറുൽ ഉലൂം ദിയൂബന്ദ് ഭീകരരുടെ താവളമാണെന്നും അത് ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസിയാബാദിലെ ഖോദ മേഖലയിൽ നടന്ന സൂര്യ കൊലക്കേസിലെ ഇരയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനകളും പദ്ധതികളും തയ്യാറാക്കുന്നത് ദാറുൽ ഉലൂമിലാണെന്നാണ് പിങ്കി ചൗധരി ആരോപിക്കുന്നത്. അതിനാൽ സംസ്ഥാനത്തെ ബുൾഡോസറുകൾ ഉപയോഗിച്ച് ദാറുൽ ഉലൂം പൂർണ്ണമായും പൊളിച്ചുമാറ്റാൻ മുഖ്യമന്ത്രി അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഉത്തർപ്രദേശിലെ മാത്രം കാര്യമല്ല… രാജ്യത്തുള്ള മുഴുവൻ പള്ളികളും മദ്രസകളും പൊളിച്ചു മാറ്റിയാൽ മാത്രമേ ഹിന്ദുക്കൾ കൊല ചെയ്യപ്പെടുന്നതും ലവ് ജിഹാദിൽ അകപ്പെടുന്നതുമൊക്കെ അവസാനിക്കൂ…അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ് അദ്ദേഹത്തിന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്.