‘ദാറുൽ ഉലൂം ദേവ്ബന്ദ് ഇസ്ലാമിക പഠനകേന്ദ്രം നിൽക്കുന്നിടത്ത് മുമ്പ് ശിവക്ഷേത്രമായിരുന്നു’; പുതിയ അവകാശവാദവുമായി യുപിയിലെ തീവ്ര ഹിന്ദുത്വ സംഘടനകൾ
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പ്രശസ്ത ഇസ്ലാമിക പഠനകേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ പുതിയ അവകാശവാദവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. ഈ പ്രദേശം പണ്ട് കാലത്ത് ദേവന്മാരുടെ വനം എന്നർത്ഥം വരുന്ന ‘ദേവ് വൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും, നിലവിൽ ദാറുൽ ഉലൂം ദേവ്ബന്ദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്നുമാണ് ഹിന്ദു സംഘടനകളുടെ പ്രധാന അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് സംഘടനകളുടെ പ്രതിനിധികൾ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റിന് ഔദ്യോഗികമായി നിവേദനം നൽകി.
ദാറുൽ ഉലൂം ദേവ്ബന്ദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ യഥാർത്ഥ ചരിത്രം അന്വേഷിക്കണമെന്നും അവിടെ മുമ്പ് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന വാദം പരിശോധിക്കണമെന്നുമാണ് നിവേദനത്തിൽ ഇവർ പ്രധാനമായും ആവശ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയതും പ്രശസ്തവുമായ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിൽ ഒന്നാണ് ദാറുൽ ഉലൂം ദേവ്ബന്ദ്. ഗ്യാൻവാപി, മഥുര തുടങ്ങിയ സ്ഥലങ്ങളിലെ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ രാജ്യത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ദേവ്ബന്ദിനെതിരെയും സമാനമായ അവകാശവാദവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും എക്സ് പ്ലാറ്റ്‌ഫോമിലടക്കം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.