‘കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം’; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ പുതിയ നിർദേശം
തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ നിർദേശം നൽകി. രാജ്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച പ്രത്യേക മാർഗനിർദേശങ്ങളിലാണ് പ്രഖ്യാപനമുള്ളത്.
മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് അതിഥികൾക്കും ജീവനക്കാർക്കും മത്സ്യ വിഭവങ്ങൾ ഉൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണം ലഭ്യമായിരുന്നു. എന്നാൽ പുതിയ ഗവർണറുടെ വരവോടെ രാജ്ഭവനിലെ ഭക്ഷണരീതി പൂർണമായും വെജിറ്റേറിയനിലേക്ക് മാറുകയാണ്.
നേരത്തെ സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ അടുത്തിടെയാണ് കേരള ഗവർണറായി നിയമിച്ചത്. ബിജെപി, ആർഎസ്സ് പ്രസ്ഥാനങ്ങളുടെ മുതിർന്ന നേതാവായ അദ്ദേഹം രാജസ്ഥാൻ സ്വദേശിയാണ്. അതേസമയം, സ്ഥാനമൊഴിയുന്ന രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേൽക്കും. കർണാടക ഗവർണറായി സുധ യാദവിനെയും നിയമിച്ചിട്ടുണ്ട്.