പിണറായി വിജയൻ രാജിവെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണറുടെ നിർദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്.
പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ ഭരണപരമായ കാര്യങ്ങളിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.
2021-ൽ ചരിത്രപരമായ ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫിന് ഇത്തവണ യു.ഡി.എഫിന്റെ പടയോട്ടത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വി.ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ഭരണവിരുദ്ധ വികാരവും ഭരണമാറ്റത്തിന് വഴിയൊരുക്കി. യു.ഡി.എഫ് 102 സീറ്റ് നേടിയാണ് ഭരണം തിരിച്ചുപിടിച്ചത്. എൽ.ഡി.എഫ് 35 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ എൻ.ഡി.എ മൂന്ന് സീറ്റുമായി നേട്ടമുണ്ടാക്കി. പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയും എൽ.ഡി.എഫ് യോഗവും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
യു.ഡി.എഫ് ക്യാമ്പുകളിൽ വൻ വിജയാഘോഷങ്ങൾ തുടരുകയാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായുള്ള യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ഉടൻ ചേരും. ഭൂരിപക്ഷം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ച് യു.ഡി.എഫ് നേതാക്കൾ ഉടൻ ഗവർണറെ കാണും.