‘ആരെന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ സംഘപരിവാറിന് അധികാരമില്ല; മാംസാഹാരികളെ രണ്ടാംകിടക്കാരാക്കുന്ന നിലപാട് കേരളത്തിൽ വിലപ്പോവില്ല’: ഗവർണർക്കെതിരെ യൂത്ത് കോൺഗ്രസ്
ആലപ്പുഴ: കേരള ലോക്ഭവനിൽ മാംസഭക്ഷണം ഒഴിവാക്കാൻ നിർദേശം നൽകിയ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയ ‘Pure Veg’ ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിലിരുത്താമെന്ന് ഗവർണർ വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആരെന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിൻ്റെ കൈയിൽ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യവും മാംസവും കഴിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന നിലപാട് കേരളത്തിൽ വിലപ്പോവില്ല. നോർത്ത് ഇന്ത്യൻ സംഘിസം ഇവിടെ നടപ്പാക്കാൻ ക്വട്ടേഷൻ എടുത്ത് വരുന്ന അധികാര സിരാകേന്ദ്രത്തിലുള്ളവർക്കും ലോക്കൽ പ്രവർത്തകർക്കും ഒരുപോലെ ബാധകമായ കാര്യമാണിതെന്നും ബിനു കുറ്റപ്പെടുത്തി.
കേരളം സംഘപരിവാറിന്റെ പരീക്ഷണശാലയല്ലെന്നും ജാതീയ മേധാവിത്വത്തിന്റെ രാഷ്ട്രീയത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന മണ്ണല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റൊരുവന്റെ പാത്രത്തിൽ എന്ത് എന്ന് നോക്കലല്ല ഗവർണറുടെ ജോലി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിൽ ഓരോ പൗരനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്ത പാരമ്പര്യമുള്ളവർക്ക് ആത്മാഭിമാനമെന്ന വാക്കിന്റെ അർത്ഥം മനസ്സിലാകില്ല. മനുഷ്യന്റെ അന്തസ്സിനും ഭരണഘടനാ മൂല്യങ്ങൾക്കും നവോത്ഥാന ചരിത്രത്തിനും വില കൽപ്പിക്കുന്ന മണ്ണാണ് കേരളം. ജാതിയുടെയും ഭക്ഷണത്തിന്റെയും പേരിൽ മനുഷ്യനെ അളക്കുന്ന കാഴ്ചപ്പാട് ഇവിടെ നടപ്പിലാക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും ബിനു ചുള്ളിയിൽ കൂട്ടിച്ചേർത്തു.