07/09/2026
[fontresizer_tawhidurrahmandear_widget]

ഇനി മുതൽ ആർക്കും ശല്യമാകില്ല, ഞാൻ എന്നെ കൊല്ലുകയാണ്; എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുക ആണ്, കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ’ -അഖിൽ മാരാർ

 ഇനി മുതൽ ആർക്കും ശല്യമാകില്ല, ഞാൻ എന്നെ കൊല്ലുകയാണ്; എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുക ആണ്, കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ’ -അഖിൽ മാരാർ

അഖിൽ മാരാർ

കൊച്ചി: രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്നും വ്യക്തമാക്കി സംവിധായകനും മുൻ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്റെ പിറന്നാൾ ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ എന്നും അവർക്ക് വേണ്ടി നിങ്ങൾ വാഴ്ത്തുകൾ നേരട്ടെ എന്നും കുറിച്ച അദ്ദേഹം, ഇനി സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കുമെന്നും വ്യക്തമാക്കി.

സെപ്റ്റംബർ 7 താൻ ജനിച്ച ദിവസമാണെന്ന് സ്മരിച്ചുകൊണ്ടാണ് അഖിലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. പരിഹാസവും പുച്ഛവും മാത്രം കേട്ട് വളർന്ന ഒരുവൻ സമൂഹത്തിൽ റിബൽ ആയി മാറുന്നത് സ്വാഭാവികമാണെന്നും നിലപാട് എന്ന വാക്കും അഖിൽ മാരാരും കേരളത്തിൽ എത്രത്തോളം ചർച്ച ആയി എന്നത് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും സത്യം മുറുകെ പിടിച്ച തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ആരെയും പേടിച്ച് അഭിപ്രായം പറയാതെ ഓടി ഒളിച്ചവനല്ല താനെന്നും അദ്ദേഹം കുറിച്ചു.

മറ്റുള്ളവർ നോക്കിയാൽ വലിയ നേട്ടമെന്ന് തോന്നുന്ന പല കാര്യങ്ങളും ലഭിച്ചപ്പോഴും നാടൻ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കണം എന്ന് ആഗ്രഹിച്ച തനിക്ക് വലിയൊരു യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിഞ്ഞതായി അഖിൽ മാരാർ വ്യക്തമാക്കി. സത്യത്തിനും ധർമ്മത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ യാതൊരു വിലയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ലെന്നും അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചു പറഞ്ഞാൽ ഉൾക്കൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ തനിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്കുകൾ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികൾ ആളുകളെ നയിക്കട്ടെയെന്നും ഇല്ലാതാക്കാൻ നോക്കുന്ന സമൂഹത്തിൽ ജനങ്ങൾക്ക് വേണ്ടി മിണ്ടാനും അവരുടെ ശബ്ദമാകാനും കൊതിച്ച താൻ ഇനി നിശബ്ദത പാലിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. “ഞാൻ എന്നെ കൊല്ലുകയാണ്… ഞാൻ ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്… എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുകയാണ്” എന്നും അദ്ദേഹം കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് എൻ.ഡി.എ മുന്നണിയിലായി മത്സരിച്ച് പരാജയപ്പെട്ട അഖിൽ മാരാർ, പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് അടുത്തിടെ ട്വന്റി20 ബന്ധം ഉപേക്ഷിച്ചത്.

Also read: