മോദിയുടെ തട്ടകത്തിൽ ബിജെപിക്ക് തിരിച്ചടി; വാരണാസി ടീച്ചേഴ്സ് സീറ്റ് നിലനിർത്തി സമാജ്വാദി പാർട്ടി
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ഭരണകക്ഷിയായ ബിജെപിയെ അട്ടിമറിച്ച് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് തിളക്കമാർന്ന വിജയം. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന അധ്യാപക-ബിരുദ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ വാരണാസി ടീച്ചേഴ്സ് സീറ്റിൽ എസ്പിയുടെ സിറ്റിങ് എംഎൽസി ലാൽ ബിഹാരി യാദവ് വിജയം ഉറപ്പിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രമോദ് കുമാർ മിശ്രയെ 4,898 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലാൽ ബിഹാരി യാദവ് പരാജയപ്പെടുത്തിയത്.
വാരണാസി ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലും ബിജെപിയുടെ കേദാർ നാഥ് സിങ്ങിനെതിരെ എസ്പി സ്ഥാനാർത്ഥി അശുതോഷ് സിൻഹ വിജയത്തിലേക്ക് കുതിക്കുകയാണ്. ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിലും എസ്പി വിജയം ഉറപ്പിച്ചു. എന്നാൽ, വാരണാസിയിൽ തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്താകെ ബിജെപി മുൻതൂക്കം നിലനിർത്തിയിട്ടുണ്ട്. ലഖ്നൗ ടീച്ചേഴ്സ്, മീററ്റ്–സഹാറൻപൂർ ടീച്ചേഴ്സ്, ബറേലി–മൊറാദാബാദ് ടീച്ചേഴ്സ്, മീററ്റ്–സഹാറൻപൂർ ഗ്രാജ്വേറ്റ്സ് ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ ബിജെപി ജയിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ദിശാസൂചികയായാണ് 11 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. വാരണാസിയിലെ വിജയം പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പുരോഗമന രാഷ്ട്രീയ സമീപനത്തിനുള്ള അംഗീകാരമാണെന്ന് വിജയിച്ച ലാൽ ബിഹാരി യാദവ് പ്രതികരിച്ചു. ബിജെപി നൽകിയ അവഗണനകൾക്ക് 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകി അധ്യാപകർ ‘ഗുരു സങ്കല്പം’ നിറവേറ്റുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കി.