30/09/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാർ മോഷ്ടാവ്, ബംഗാളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തീവെച്ചു’: രാജി ആവശ്യപ്പെട്ട് മമത ബാനർജി

 ‘ഗ്യാനേഷ് കുമാർ മോഷ്ടാവ്, ബംഗാളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തീവെച്ചു’: രാജി ആവശ്യപ്പെട്ട് മമത ബാനർജി

മമത ബാനർജി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഗ്യാനേഷ് കുമാര്‍ വോട്ട് മോഷ്ടാവാണെന്നും പശ്ചിമ ബംഗാളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തീവെച്ച് നശിപ്പിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ ഗ്യാനേഷിന്റെ രാജി അനിവാര്യമാണെന്നും ഇദ്ദേഹത്തെ നീക്കിയില്ലെങ്കില്‍ സമരം ശക്തമായ ജനകീയ മുന്നേറ്റമായി മാറുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ മമത വ്യക്തമാക്കി.

നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനാധിപത്യം തകര്‍ത്തവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മോഷ്ടിച്ചെടുത്ത അധികാരത്തിലാണ് ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നും വോട്ടര്‍ പട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ മാപ്പുസാക്ഷിയാകണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നും യുവാക്കള്‍ക്കായി ലളിതമായ വോട്ടര്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഇന്ത്യ മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെയുള്ള തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ‘സേവ് ഡെമോക്രസി റാലി’ സംഘടിപ്പിക്കും. ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വന്‍ പൊതുയോഗവും നടത്തുന്നതോടൊപ്പം അഞ്ച് മഹാ റാലികളും സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, ജയ്റാം രമേശ്, സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, കപില്‍ സിബല്‍ എംപി എന്നിവരും എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, ഐ.യു.എം.എല്‍, എന്‍.സി.പി (എസ്.പി), ശിവസേന (യു.ബി.ടി) തുടങ്ങിയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Also read: