30/09/2026
[fontresizer_tawhidurrahmandear_widget]

‘എസ്.ഐ.ആർ പ്രക്രിയ അശാസ്ത്രീയം, ആളുകളെ ഒഴിവാക്കാനാണ് ഇലക്ഷൻ കമ്മിഷൻ മുൻഗണന നൽകുന്നത്’; മുൻ ഇലക്ഷൻ കമ്മിഷണർ അശോക് ലവാസ

 ‘എസ്.ഐ.ആർ പ്രക്രിയ അശാസ്ത്രീയം, ആളുകളെ ഒഴിവാക്കാനാണ് ഇലക്ഷൻ കമ്മിഷൻ മുൻഗണന നൽകുന്നത്’; മുൻ ഇലക്ഷൻ കമ്മിഷണർ അശോക് ലവാസ

അശോക് ലവാസ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയ അശാസ്ത്രീയമാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അർഹത തെളിയിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വോട്ടർമാരിലേക്ക് മാറ്റുന്ന ഈ രീതി പഴയ സംവിധാനത്തെ തലകീഴായി മറിക്കുന്നതാണെന്ന് അദ്ദേഹം ഇന്ത്യ ടുഡേ കോൺക്ലേവിൽ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ജനങ്ങളിലേക്ക് എത്തിച്ചേരാനും വോട്ടർപട്ടികയിൽ ആളുകളെ ഉൾപ്പെടുത്താനുമുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ ഫീൽഡ് ഉദ്യോഗസ്ഥർക്കുമായിരുന്നു. ഭരണഘടനാ ശില്പികൾ നൽകിയ വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർപട്ടികയിൽ പേര് ആവശ്യമാണ്. ആളുകളെ ഉൾപ്പെടുത്തേണ്ട കടമ കമ്മീഷനുണ്ട്. എന്നാൽ ആളുകളെ ഒഴിവാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അനർഹരായ ആളുകളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുക എന്ന എസ്.ഐ.ആർ പ്രക്രിയയുടെ പ്രഖ്യാപിത ലക്ഷ്യം ന്യായമായ ഒന്നാണെന്ന് അശോക് ലവാസ വ്യക്തമാക്കി. ഈ പ്രക്രിയയിലൂടെ യഥാർത്ഥത്തിൽ എത്ര അനർഹരായ വോട്ടർമാരെ കണ്ടെത്തി പുറത്താക്കിയെന്ന് അദ്ദേഹം ചോദിച്ചു. 50 കോടി ആളുകൾക്കായി ഈ പ്രക്രിയ പൂർണമായും പൂർത്തിയാക്കുകയും രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ പകുതിയോളം എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ, എത്ര പേരെ പുറത്താക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 326-ാം അനുച്ഛേദത്തിലാണ് വോട്ടർ രജിസ്ട്രേഷനുള്ള അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യൻ പൗരത്വമുണ്ടായിരിക്കുക, 18 വയസ്സ് തികഞ്ഞിരിക്കുക, ഭരണഘടനയ്ക്കോ നിയമത്തിനോ കീഴിൽ അയോഗ്യരല്ലാതിരിക്കുക, നിശ്ചിത അയോഗ്യതാ കാരണങ്ങളിൽപ്പെടാതിരിക്കുക എന്നിവയാണ് ഈ നാല് മാനദണ്ഡങ്ങൾ. ഭരണഘടന വ്യക്തമാക്കുന്ന ഈ നാല് യോഗ്യതകൾ അല്ലാതെ വേറെയൊരു യോഗ്യതയും വോട്ടർ രജിസ്ട്രേഷനായി ആവശ്യമില്ലെന്ന് ലവാസ ചൂണ്ടിക്കാട്ടി.

സംശയാസ്പദമായ പൗരത്വത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ കാര്യത്തിൽ മേയ് 27-ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. എസ്.ഐ.ആർ പൂർത്തിയായി നാല് ആഴ്ചയ്ക്കുള്ളിൽ ഇത്തരക്കാരുടെ കേസുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് റഫർ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വന്ന് നാല് മാസം കഴിഞ്ഞിട്ടും എത്ര കേസുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് റഫർ ചെയ്തുവെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: