04/10/2026
[fontresizer_tawhidurrahmandear_widget]

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: എം.എ ബേബിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ

 ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: എം.എ ബേബിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ മുതിര്‍ന്ന ഇടത് നേതാക്കള്‍ അറസ്റ്റില്‍. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി, ബൃന്ദ കാരാട്ട്, എ.എ റഹീം എം.പി തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

എം.എ ബേബിയുടെ വസതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാംഘ്‌നരാജ് ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ഭരണഘടനാ പ്രതികള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധിച്ചത്. തങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് അറസ്റ്റിന് പിന്നാലെ എം.എ ബേബി പ്രതികരിച്ചു.

നേരത്തെ പ്രതിഷേധത്തിനെത്തിയ എഐഎസ്എ, ആം ആദ്മി പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു. വിവിധ യുവജനസംഘടനകള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നുണ്ടെങ്കിലും സമരക്കാരെ കടത്തിവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രദേശത്ത് ബാരിക്കേഡുകള്‍ ഉയര്‍ത്തി ജന്തര്‍ മന്തറിന്റെ പ്രവേശനകവാടം പൂര്‍ണമായും അടച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

Also read: