കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം; എസ്.എച്ച്.ഓയുടെ തലയ്ക്ക് ഇഷ്ടികയ്ക്കടിച്ച് യുവതികൾ, ഗുരുതര പരുക്ക്
കൊല്ലം: വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മഫ്തിയിലെത്തിയ പൊലീസുകാരുടെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ചും മുഖത്ത് ടോർച്ചിനടിച്ചും യുവതികൾ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അടൂർ എസ്.എച്ച്.ഓ ജിനു ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്.
അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി റെജിനെ പിടിക്കാനാണ് പൊലീസ് സംഘം കരുനാഗപ്പള്ളിയിൽ എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാർക്കും മനസ്സിലായില്ല. റെജിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ വീട്ടിലുണ്ടായിരുന്ന ഹർഷ, രേഷ്മ, രമ്യ എന്നീ യുവതികൾ ചേർന്ന് പൊലീസുകാരെ ആക്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെ സംഘർഷാവസ്ഥയായി. ഇതിനിടയിലാണ് യുവതികൾ ഇഷ്ടിക ഉപയോഗിച്ച് എസ്.എച്ച്.ഓയുടെ തലയ്ക്കടിച്ചത്.
ടോർച്ച് കൊണ്ടുള്ള ആക്രമണത്തിൽ എസ്.ഐയുടെ മുഖത്തെ അസ്ഥിക്ക് പൊട്ടലുണ്ട്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് റെജിനെയും യുവതികളെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.