എംബാപ്പെയോ കെയിനോ അതോ യമാലോ? ആരാണ് ബാലൺ ഡി ഓറിന് കൂടുതൽ അർഹൻ?; ഇന്നറിയാം
ലണ്ടൻ: ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ ബാലൺ ഡി ഓർ പ്രഖ്യാപനം ഇന്ന് ലണ്ടനിൽ നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ലണ്ടനിലെ പലേഡിയത്തിൽ വെച്ച് ഈ പുരസ്കാര പ്രഖ്യാപനം സംഘടിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ 1.30-നാണ് ചടങ്ങുകൾ ആരംഭിക്കുക. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പുരസ്കാര പോരാട്ടങ്ങളിലൊന്നിനാണ് ഇത്തവണ ലണ്ടൻ വേദിയാകുന്നത്. പ്രധാന താരങ്ങൾ തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് ആരാധകരും കായിക വിദഗ്ധരും വിലയിരുത്തുന്നത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലയണൽ മെസ്സിയും ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കിലിയൻ എംബാപ്പെ, ലമീൻ യമാൽ, ഹാരി കെയ്ൻ എന്നിവർ തമ്മിലാണ് പ്രധാനമായും കടുത്ത മത്സരമുള്ളത്. ഗോൾവേട്ടയിൽ മുന്നിലുള്ള എംബാപ്പെ ലോകകപ്പ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ഗോൾഡൻ ബൂട്ടുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ സീസണിൽ പ്രധാന കിരീടങ്ങളൊന്നും നേടാനാവാത്തത് താരത്തിന് തിരിച്ചടിയായേക്കാം. അതേസമയം, ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയും സ്പെയിനിനൊപ്പം ഫിഫ ലോകകപ്പും സ്വന്തമാക്കിയതാണ് ലമീൻ യമാലിന് കരുത്താകുന്നത്. എന്നാൽ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാനായത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇവർക്കൊപ്പം ശക്തമായ വെല്ലുവിളിയുയർത്തി ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയിനുമുണ്ട്. ക്ലബിനും രാജ്യത്തിനുമായി 73 ഗോളുകൾ നേടിയ കെയ്ൻ മികച്ച ഫോമിലാണ്. ബയേൺ മ്യൂണിക്കിനൊപ്പം ഡൊമസ്റ്റിക് ട്രെബിൾ നേടിയ അദ്ദേഹം ചാമ്പ്യൻസ് ലീഗിൻറെയും ലോകകപ്പിൻറെയും സെമിഫൈനൽ വരെ എത്തുകയും ചെയ്തു. ഇവരെക്കൂടാതെ മൈക്കൽ ഒലിസെ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രി, ഫാബിയൻ റൂയിസ് തുടങ്ങിയ പ്രമുഖരും സാധ്യതാ പട്ടികയിലുണ്ട്.
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഡി.എ.ഇസഡ്.എൻ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ബാലൺ ഡി ഓറിൻറെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുരസ്കാര ചടങ്ങ് സൗജന്യമായി തത്സമയം കാണാൻ സാധിക്കും. ജൂഡ് ബെല്ലിങ്ഹാം, പൗ കുബാർസി, മാർക്ക് കുക്കുറേയ, ഉസ്മാൻ ഡെംബെലെ, ലൂയിസ് ഡയസ്, ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ, എർലിങ് ഹാളണ്ട്, അഷ്റഫ് ഹക്കിമി, ഹാരി കെയ്ൻ, ഖ്വിച ക്വിവാര്റ്റ്ലിയ, ലാമിൻ യമാൽ, സാദിയോ മാനെ, മാർക്വിഞ്ഞോസ്, ലൗട്ടാരോ മാർട്ടിനെസ്, കിലിയൻ എംബാപ്പെ, നൂനോ മെൻഡസ്, ലയണൽ മെസ്സി, ജോവോ നെവസ്, മൈക്കൽ ഒലിസെ, വില്ലിയൻ പാച്ചോ, ജൂലിയൻ ക്വിനോനെസ്, ഡെക്ലാൻ റൈസ്, റോഡ്രി, ഫാബിയൻ റൂയിസ്, വില്യം സാലിബ, ഫെറാൻ ടോറസ്, ഡയോട്ട് ഉപമേകാനോ, വിനീഷ്യസ് ജൂനിയർ, വിടിഞ്ഞ തുടങ്ങിയവരാണ് ഇത്തവണത്തെ പുരസ്കാരത്തിനായി മത്സരിക്കുന്ന മുപ്പതംഗ നോമിനികൾ.