മഹാരാഷ്ട്ര എസ്ഐആറിനെതിരായ ഹരജിയില് കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയച്ച് സുപ്രീംകോടതി
മുംബൈ: മഹാരാഷ്ട്രയിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്തുള്ള ഹരജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയച്ചത്. ചാർട്ടേഡ് അക്കൗണ്ടൻ്റും മാധ്യമപ്രവർത്തകനുമായ അരുൺ ആനന്ദഗിരിയാണ് വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
മുംബൈ, പുനെ എന്നിവിടങ്ങളിൽ കെട്ടിടങ്ങളുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി മാറിത്താമസിച്ച വോട്ടർമാരെ കണ്ടെത്താനായില്ല എന്ന കാരണം പറഞ്ഞ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ആകെ 9.79 കോടി വോട്ടർമാരിൽ ഏകദേശം 2 കോടി ആളുകളെ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സാങ്കേതിക പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 1.22 കോടി വോട്ടർമാരെ കൂടി വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ സംസ്ഥാനത്തെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കണമെന്നും, പഴയ പട്ടികയിലുണ്ടായിരുന്ന ആരെയും പുതിയതിൽ നിന്ന് ഒഴിവാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബർ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.
വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം പുറത്തിറക്കിയ കരട് പട്ടിക പ്രകാരം സംസ്ഥാനത്തെ 21.14 ശതമാനം വോട്ടർമാരെയാണ് (2.06 കോടി) ഒഴിവാക്കിയിട്ടുള്ളത്. പരിശോധനാ സമയത്ത് നൽകിയിട്ടുള്ള വിലാസത്തിൽ കണ്ടെത്താൻ കഴിയാത്തതിനാലാണ് ആകെയുള്ള 97,854,049 വോട്ടർമാരിൽ നിന്ന് 20,688,487 പേരെ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.