മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ സ്റ്റാറ്റസിട്ടു; മിനിറ്റുകൾക്കകം മദ്യപാനിയുടെ കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് പങ്കുവെച്ച അധ്യാപകന്, മണിക്കൂറുകൾക്കകം മദ്യപാനി ഓടിച്ച കാറിടിച്ച് ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീൻ (36) ആണ് ഈ ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഒതുക്കുങ്ങലിലായിരുന്നു അപകടം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.
പറപ്പൂർ സ്വദേശി അക്ബറലിയാണ് മദ്യലഹരിയിൽ കാറോടിച്ചത്. ഇയാളെ വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടു.
കേരളത്തിൽ പ്രതിദിനം വാഹനാപകടങ്ങളിൽ മരിക്കുന്ന 15 പേരിൽ പകുതിയും ഇത്തരം ഡ്രൈവർമാരുടെ ഇരകളാണെന്നും, മദ്യപിച്ച് വാഹനം ഓടിക്കുന്നത് വെറും അപകടമല്ല മറിച്ച് കൊലപാതകമാണെന്നും വ്യക്തമാക്കുന്നതായിരുന്നു അപകടത്തിന് തൊട്ടുമുമ്പ് ഷറഫുദ്ദീൻ പങ്കുവെച്ച അവസാന സ്റ്റാറ്റസ്. താൻ കുറിച്ച വാക്കുകൾ യാഥാർത്ഥ്യമാകുന്ന തരത്തിൽ ഷറഫുദ്ദീൻ തന്നെ ഒരു മദ്യപാനിയുടെ അശ്രദ്ധയ്ക്ക് ഇരയായതിന്റെ നടുക്കത്തിലാണ് നാട്.