എംബാപ്പെ ഇടതു വിങ്ങിലേക്ക്; സെൻട്രൽ ഫോർവേഡായി ഡെംബലെ-ഫ്രഞ്ച് നിരയിൽ വൻ അഴിച്ചുപണിക്ക് സിദാൻ | Zidane Takes Charge of France Football
അങ്കാറ: റയൽ മഡ്രിഡിൽനിന്ന് പടിയിറങ്ങി നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീണ്ടും ഡഗ്ഗൗട്ടിലേക്ക് മടങ്ങിയെത്തുന്നു(Zidane Takes Charge of France Football). ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായുള്ള സിദാന്റെ കന്നിയങ്കത്തിന് ഇന്ന് തുർക്കിയിലെ ഇസ്മിത് സ്റ്റേഡിയം വേദിയാകും. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ പോരാട്ടത്തിൽ തുർക്കിയെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് നിരയ്ക്കുള്ളിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സിദാനെന്നാണ് റിപ്പോർട്ടുകൾ. ടീമിലെ പ്രധാന സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബലെയും തമ്മിൽ തർക്കം നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ടീം ഫോർമേഷനിൽ വൻ അഴിച്ചുപണിക്ക് സിദാൻ ഒരുങ്ങുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകകപ്പിൽ മൂന്നാം സ്ഥാനത്തിനായുള്ള ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 6-4 എന്ന സ്കോറിന് വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം ഫ്രാൻസ് കളത്തിലിറങ്ങുന്ന ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്. ദിദിയർ ദെഷാംപ്സ് പടിയിറങ്ങിയ ഒഴിവിലേക്ക് എത്തിയ സിദാൻ, ടീമിന്റെ സ്വാഭാവിക ഫോർമേഷനിലും ആക്രമണ നിരയുടെ സ്ഥാനങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ ആകാംക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ നോക്കിക്കാണുന്നത്.
4-3-3 ശൈലിയിലേക്ക് ഫ്രാൻസ് | Zidane Takes Charge of France Football
മുൻ പരിശീലകൻ ദിദിയർ ദെഷാംപ്സ് ഫ്രഞ്ച് ടീമിൽ സ്ഥിരമായി പരീക്ഷിച്ചു വിജയിച്ച 4-2-3-1 ശൈലിയിൽനിന്ന് വ്യത്യസ്തമായി പരമ്പരാഗതമായ 4-3-3 ശൈലിയിലേക്ക് ഫ്രാൻസിനെ മാറ്റാനാണ് സിദാൻ തീരുമാനിച്ചിരിക്കുന്നത്. ആക്രമണനിരയിലെ പ്രമുഖ താരങ്ങളായ മൈക്കൽ ഒലിസെ, ഒസ്മാൻ ഡെംബലെ, കിലിയൻ എംബാപ്പെ എന്നിവരുടെ പൊസിഷനുകളിൽ വലിയ മാറ്റങ്ങളാണ് സിദാൻ വരുത്തുന്നത്. കഴിഞ്ഞ ലോകകപ്പിൽ ‘നമ്പർ 10’ റോളിൽ തിളങ്ങിയ മൈക്കൽ ഒലിസെയെ വലതു വിങ്ങിലേക്ക് മാറ്റാനാണ് നീക്കം. ഇടത് വിങ്ങിൽ ബ്രാഡ്ലി ബാർകോളയെ കളിപ്പിക്കുകയും ഡെംബലെ വലതു വിങ്ങിൽ കളിക്കുകയും ചെയ്തപ്പോൾ പത്ത് ഗോളുകളോടെ സെൻട്രൽ സ്ട്രൈക്കറായി മുന്നേറ്റത്തെ നയിച്ചത് എംബാപ്പെയായിരുന്നു.
എന്നാൽ, സിദാന്റെ പദ്ധതിയിൽ എംബാപ്പെ തന്റെ ഇഷ്ട പൊസിഷനായ ഇടത് വിങ്ങിലേക്ക് മടങ്ങിയെത്തും. ഒസ്മാൻ ഡെംബലെ സെൻട്രൽ ഫോർവേഡായി കൂടുതൽ മുന്നിലേക്ക് കയറി കളിക്കുമ്പോൾ മൈക്കൽ ഒലിസെ വലതു വിങ്ങിന്റെ ചുമതലയേൽക്കും. എംബാപ്പെ തന്നെയായിരിക്കും തന്റെ ടീമിന്റെ നായകനെന്നും മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കുമെങ്കിലും താരത്തെ ഇടത് വിങ്ങിൽ കളിപ്പിക്കാനാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും സിദാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
മധ്യനിരയുടെ നിയന്ത്രണം മനു കോനെയ്ക്കായിരിക്കും. കോനെയ്ക്ക് മുന്നിൽ അഡ്രിയാൻ റാബിയോയും റയാൻ ചെർക്കിയും പന്തുതട്ടും. മുന്നേറ്റനിരയിൽ ഇത്തരമൊരു പൊസിഷൻ അഴിച്ചുപണി നടപ്പിലാക്കുന്നത് പുതിയ പരിശീലകന്റെ കന്നിമത്സരത്തിൽ വലിയ റിസ്ക് തന്നെയാകും.
മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ | Zidane Takes Charge of France Football
തുർക്കിക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബർ 28ന് ബെൽജിയവുമായാണ് ഫ്രാൻസിന്റെ അടുത്ത അങ്കം. തുടർന്ന് ഒക്ടോബർ രണ്ടിന് ഇറ്റലിയെ നേരിടുന്ന ഫ്രഞ്ച് പട ഒക്ടോബർ അഞ്ചിന് വീണ്ടും ബെൽജിയത്തിനെതിരെ പോരാട്ടത്തിനിറങ്ങും. കടുപ്പമേറിയ ഈ മത്സരക്രമങ്ങൾക്ക് മുന്നോടിയായി ടീമിനുള്ളിലെ ഭിന്നതകൾ പരിഹരിക്കാനും താരങ്ങളെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനും സിദാന് സാധിക്കേണ്ടതുണ്ട്.
റയൽ മഡ്രിഡിൽ സൂപ്പർ താരങ്ങളുടെ ഈഗോ കൃത്യമായി കൈകാര്യം ചെയ്ത് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ മാനേജ്മെന്റ് മികവ് ഫ്രഞ്ച് ടീമിലും ആവർത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ സിദാന്റെ പുതിയ ദൗത്യം വിജയകരമായി മുന്നോട്ടുപോവുകയുള്ളൂ.
‘ഇങ്ങോട്ട് ചൊറിയാൻ വന്നാൽ കേറി മാന്തും; വേണ്ടിവന്നാൽ വൃത്തികെട്ട...
4 months ago