‘ഇങ്ങോട്ട് ചൊറിയാൻ വന്നാൽ കേറി മാന്തും; വേണ്ടിവന്നാൽ വൃത്തികെട്ട ഫുട്ബോൾ കളിച്ച് ജയിക്കാനും ഞങ്ങൾക്കറിയാം’; പരാഗ്വേയുടെ പരുക്കൻ അടവുകളെ വിമർശിച്ച് കിലിയൻ എംബാപ്പെ
ഫിലാഡൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വേയുടെ പരുക്കൻ ശൈലിയെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ഫിലാഡൽഫിയയിലെ കൊടുംചൂടിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരങ്ങളെ നിരന്തരം പ്രകോപിപ്പിക്കാനും ആക്രമണ ഫുട്ബോളിന് തടയിടാനുമാണ് ലാറ്റിൻ അമേരിക്കൻ ടീമായ പരാഗ്വേ ശ്രമിച്ചത്. എന്നാൽ ഈ കടുത്ത വെല്ലുവിളികളെ അതിജീവിച്ച ഫ്രാൻസ്, എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.
മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ച എംബാപ്പെ, തങ്ങൾ സുന്ദരമായ ഫുട്ബോൾ മാത്രം കളിക്കാൻ അറിയുന്നവരല്ലെന്നും ആവശ്യമെങ്കിൽ കൈകളിൽ ചെളിപുരട്ടാനും വൃത്തികെട്ട ഫുട്ബോൾ കളിച്ചു ജയിക്കാനും ഫ്രാൻസിന് കഴിയുമെന്ന് വ്യക്തമാക്കി. ഫ്രാൻസ് കേവലം പാസുകളിലൂടെ ആക്രമണം മാത്രം നടത്തുന്ന ടീമാണെന്ന് കരുതിയവർക്ക് മോശം ഫുട്ബോൾ കളിച്ചും തങ്ങൾക്ക് വിജയിക്കാനാകുമെന്ന് ഈ മത്സരത്തിലൂടെ കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേയുടെ പ്രകോപനങ്ങളെയും താളം തെറ്റിക്കാനുള്ള ശ്രമങ്ങളെയും നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായി വ്യക്തമാക്കിയ എംബാപ്പെ, ഓരോരുത്തരും അവരുടെ പക്കലുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഫുട്ബോളിൽ ശരിയോ തെറ്റോ ഇല്ലെന്നും വിജയിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ ഫ്രാൻസ് ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. എംബാപ്പെയെ തടയാൻ പരാഗ്വേ താരങ്ങൾ നടത്തിയ പരുക്കൻ നീക്കങ്ങൾ പലപ്പോഴും കളിക്കളത്തിൽ തർക്കങ്ങൾക്കും വഴിവെച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബ്രാഡ്‌ലി ബാർക്കോളക്ക് പകരം യുവതാരം ഡിസറെ ഡുവയെ പരിശീലകൻ കളത്തിലിറക്കിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.
58-ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡുവയെ ഡീഗോ ഗോമസ് ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത എംബാപ്പെ പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ഗോൾവേട്ടയിൽ എംബാപ്പെ ലയണൽ മെസ്സിക്കൊപ്പമെത്തി. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ അടുത്ത എതിരാളികൾ. എംബാപ്പെയുടെ അടുത്ത സുഹൃത്തും മുൻ പി.എസ്.ജി സഹതാരവുമായ അഷ്റഫ് ഹക്കീമി എതിർനിരയിൽ എത്തുന്നുവെന്നത് ഫുട്ബോൾ ആരാധകർക്കും വലിയ ആവേശമാണ് നൽകുന്നത്.