23/06/2026
[fontresizer_tawhidurrahmandear_widget]

റെക്കോർഡുകൾ കാറ്റിൽപ്പറത്തി എംബാപ്പെ വേ​ഗത; കുതിപ്പിൽ വഴിമാറി ക്ലോസെ, ലക്ഷ്യം മെസ്സിയുടെ സിംഹാസനം

 റെക്കോർഡുകൾ കാറ്റിൽപ്പറത്തി എംബാപ്പെ വേ​ഗത; കുതിപ്പിൽ വഴിമാറി ക്ലോസെ, ലക്ഷ്യം മെസ്സിയുടെ സിംഹാസനം

ആരാണ് ഫുട്ബോൾ ലോകത്തെ മികച്ച താരം? ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരമേകുക അത്ര എളുപ്പമല്ല. പക്ഷേ ലോകകപ്പ് എന്ന വിശ്വമേളയിൽ ആ പദവിക്ക് അർഹൻ ആരാണ്? ആറ് ലോകകപ്പുകളിൽ നിന്നായി 18 ഗോളുകൾ അടിച്ചുകൂട്ടിയ അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണോ, അതോ മൂന്നാമത്തെ മാത്രം ലോകകപ്പിൽ കളിക്കാനിറങ്ങി ഇതിനോടകം 16 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയാണോ കൂടുതൽ മികച്ചവൻ? ലോകം ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ, തൻ്റെ ബൂട്ടുകൾ കൊണ്ട് ചരിത്രം തിരുത്തിയെഴുതുകയാണ് കിലിയൻ എംബാപ്പെ. സ്വന്തം കരിയറിലെ നൂറാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ എംബാപ്പെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ്.

ഇറാഖിനെതിരായ മത്സരത്തിൽ തുടക്കം മുതൽ ഫ്രഞ്ച് നായകൻ തകർപ്പൻ ഫോമിലായിരുന്നു. മത്സരത്തിൻ്റെ പതിനാലാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ മികച്ചൊരു നീക്കത്തിനൊടുവിൽ ബോക്‌സിൻ്റെ വശത്തുനിന്ന് ഉതിർത്ത മനോഹരമായ ഇടംകാലൻ ഷോട്ടിലൂടെ എംബാപ്പെ ഫ്രാൻസിന് ആദ്യ ലീഡ് സമ്മാനിച്ചു. തുടർന്ന് അമ്പത്തിനാലാം മിനിറ്റിൽ ഇറാഖ് പ്രതിരോധ നിര വരുത്തിയ ഗുരുതരമായ പിഴവിൽ നിന്നായിരുന്നു എംബാപ്പെയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. ഇറാഖ് ഗോൾകീപ്പർ അഹമ്മദ് ബാസിലിനെ ഉസ്‌മാൻ ഡെംബെലെ സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് ലഭിച്ച പാസ് എംബാപ്പെ അനായാസം ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുകയായിരുന്നു. കനത്ത മഴയും ശക്തമായ മിന്നലും കാരണം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ട മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ഇറാഖിനെ തകർത്തത്. ഉസ്‌മാൻ ഡെംബെലെയാണ് മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തത്. ഫ്രാൻസിനായി 100 മത്സരങ്ങൾ തികയ്ക്കുന്ന പത്താമത്തെ മാത്രം കളിക്കാരനെന്ന പദവിയും ഫ്രാൻസിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോററായ ഈ ഇരുപത്തിയേഴുകാരൻ സ്വന്തമാക്കി.

വെറും 16 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് 16 ഗോളുകൾ എന്ന അവിശ്വസനീയ നേട്ടം എംബാപ്പെ സ്വന്തമാക്കിയത്. പത്തൊമ്പതാം വയസ്സിൽ ഫ്രാൻസ് ദേശീയ ടീമിനൊപ്പം 2018 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം, ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടുകയും ആകെ നാല് ഗോളുകളോടെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെയെത്തിച്ച എംബാപ്പെ, മെസ്സിയുടെ അർജൻ്റീനയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് അടക്കം എട്ട് ഗോളുകളോടെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. ഇപ്പോൾ 2026 നോർത്ത് അമേരിക്കൻ ലോകകപ്പിൽ സെനഗലിനെതിരെയും ഇറാഖിനെതിരെയും ഇരട്ട ഗോളുകൾ നേടിയതോടെയാണ് താരം ചരിത്രനേട്ടത്തിലെത്തിയത്. ഈ ഇരട്ടഗോളുകളോടെ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ നസാരിയോയുടെ 15 ലോകകപ്പ് ഗോളുകളെന്ന നേട്ടം എംബാപ്പെ മറികടന്നു.

ലോകകപ്പ് ഗോൾവേട്ടക്കാരിൽ ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത് 18 ഗോളുകളുമായി സിംഹാസനമുറപ്പിച്ചിരിക്കുന്ന സാക്ഷാൽ ലയണൽ മെസ്സി മാത്രമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് മെസ്സിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നത്. നിലവിൽ 18 ഗോളുകളുമായി മെസ്സി ഒന്നാമതും, 16 ഗോളുകളുമായി എംബാപ്പെയും ക്ലോസെയും രണ്ടാം സ്ഥാനത്തുമാണ്. 15 ഗോളുകളുള്ള ബ്രസീൽ താരം റൊണാൾഡോ, 14 ഗോളുകളുള്ള ജർമനിയുടെ ഗെർഡ് മുള്ളർ, 13 ഗോളുകളുള്ള ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, എംബാപ്പെയ്ക്ക് ഇപ്പോഴും പ്രായം 27 മാത്രമാണ്. ഇനിയും രണ്ടോ മൂന്നോ ലോകകപ്പുകൾ കളിക്കാൻ അദ്ദേഹത്തിന് മുന്നിൽ സമയമുള്ളതിനാൽ മെസ്സിയുടെ സർവകാല റെക്കോർഡ് തിരുത്തിക്കുറിക്കാൻ എംബാപ്പെയ്ക്ക് കഴിയുമെന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്തിന് യാതൊരു സംശയവുമില്ല.

Also read: