‘ലോകകപ്പിന് നെയ്മര്‍ വേണം, ബ്രസീല്‍ കിരീടസാധ്യതയുള്ള ടീം’; പിന്തുണയുമായി ലയണല്‍ മെസി
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിന്തുണയുമായി അർജന്റീനൻ നായകൻ ലയണൽ മെസി. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നും താരത്തിന്റെ നിലവിലെ ഫോം ഒരു പ്രശ്നമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകൾക്കൊപ്പം തന്നെ ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് ബ്രസീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറുടെ കായികക്ഷമതയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മെസിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.
“ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഫോം എന്തുതന്നെയായാലും നെയ്‌മർ എപ്പോഴും അവരിലൊരാളായിരിക്കും,” ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെ മെസി വ്യക്തമാക്കി. ഏത് വൻകിട ടൂർണമെന്റിലും കിരീടത്തിനായി പോരാടാൻ ശേഷിയുള്ള താരങ്ങൾ ബ്രസീൽ നിരയിലുണ്ടെന്നും അവർ എന്നും വെല്ലുവിളിയുയർത്തുന്ന എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നെയ്മർക്ക് ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. പിന്നീട് സാന്റോസിലേക്ക് മടങ്ങിയെങ്കിലും പഴയ മികവിലേക്ക് തിരിച്ചെത്താൻ താരം ബുദ്ധിമുട്ടുകയാണ്. പൂർണ്ണമായി കായികക്ഷമത വീണ്ടെടുത്താൽ നെയ്മറെ ടീമിലേക്ക് പരിഗണിക്കുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആൻചലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.