23/06/2026
[fontresizer_tawhidurrahmandear_widget]

മമതയെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന് വിമത വിഭാഗം; ‘പാർട്ടി ബോസ് ഞാൻ തന്നെ, എന്നെ മാറ്റാൻ ആർക്കുമാകില്ല’: തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത ബാനർജി

 മമതയെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന് വിമത വിഭാഗം; ‘പാർട്ടി ബോസ് ഞാൻ തന്നെ, എന്നെ മാറ്റാൻ ആർക്കുമാകില്ല’: തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പാർട്ടിയിലുള്ള തൻ്റെ സമ്പൂർണ്ണ നിയന്ത്രണം വ്യക്തമാക്കി മമതാ ബാനർജി. നേതാക്കളുടെ കൊഴിഞ്ഞുപോക്കിനും വിമത നീക്കങ്ങൾക്കുമിടെ തൃണമൂൽ കോൺഗ്രസിൻ്റെ ഔദ്യോഗിക വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇതിന്റെ പൂർണ്ണ വിവരങ്ങൾ പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തു.

ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം മമതയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൻ്റെ (എഐടിസി) ചെയർപേഴ്‌സണായി മമതാ ബാനർജിയെത്തന്നെ നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്. തന്നെ ഒതുക്കാൻ ആർക്കുമാകില്ലെന്നും പാർട്ടിയുടെ കടിഞ്ഞാൺ തൻ്റെ കൈകളിൽ ഭദ്രമാണെന്നുമുള്ള വ്യക്തമായ സന്ദേശമാണ് അവർ ഇതിലൂടെ നൽകുന്നത്.

നേരത്തെ, കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ചേർന്ന വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ തൃണമൂൽ എന്ന് അവകാശപ്പെട്ടിരുന്നു. അരൂപ് റോയിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്ത ഇവർ, 30 അംഗ സമാന്തര വർക്കിംഗ് കമ്മിറ്റിക്കും രൂപം നൽകി. മമത ബാനർജി പാർട്ടിയിൽ ഒരു ഉപദേശകയായി മാത്രം തുടരട്ടെ എന്നാണ് വിമതരുടെ നിലപാട്.

അതിനിടെ, മമതയുടെ വിശ്വസ്‌തരായിരുന്ന മുതിർന്ന നേതാക്കൾ ഫിർഹാദ് ഹക്കീമും അരൂപ് ബിശ്വാസും വിമത പക്ഷത്തേക്ക് കൂടുമാറിയത് ഔദ്യോഗിക വിഭാഗത്തിന് കനത്ത തിരിച്ചടിയായി. രണ്ടാഴ്‌ച മുമ്പ് കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ച വ്യക്തിയാണ് നാല് തവണ എംഎൽഎയായ ഫിർഹാദ് ഹക്കീം. വരും ദിവസങ്ങളിൽ ഔദ്യോഗിക പാർട്ടി ചിഹ്നത്തിനും അവകാശത്തിനുമായി ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതികളിലും കൂടുതൽ കടുക്കുമെന്നാണ് ബംഗാൾ രാഷ്ട്രീയം നൽകുന്ന സൂചന.

Also read: